കൊച്ചി: കൊച്ചി എളംകുളത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് വൻ ലഹരി മരുന്ന് വിൽപ്പന നടത്തുന്ന നാലംഗ സംഘം പിടിയിൽ. 115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എംഡിഎംഎയുടെ പിൽസ്, രണ്ട് ഗ്രാം കഞ്ചാവ്, കഞ്ചാവ് കൃഷിചെയ്യുന്നതിനുള്ള സജ്ജീകരണങ്ങൾ എന്നിവയുമായി എംബിഎക്കാരിയടക്കമുള്ളവർ ടിയിലായത്. പോലീസ് അന്വേഷിച്ചെത്തിയതിനെ തുടർന്ന് പ്രതികൾ തൊണ്ടിമുതൽ നശിപ്പിക്കാൻ ശ്രമിക്കുകയും ബല പ്രയോഗം നടത്തുകയും ചെയ്തിരുന്നതായാണ് വിവരം.
മലപ്പുറം കോഴിക്കോട് സ്വദേശികളായ അബു ഷാമിൽ, ഷാമിൽ, ദിയ, ഫിജാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പിടിയിലായ ദിയ എംബിഎ കഴിഞ്ഞ് ജോലി ചെയ്യുകയാണ്. മറ്റൊരാൾ അക്കൗണ്ടന്റാണ്. പ്രതികൾ ഇരുപതിനായിരം രൂപയ്ക്ക് ഫ്ലാറ്റ് വാടകക്കെടുത്താണ് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്. വൈറ്റിലയ്ക്കും കടവന്ത്രയ്ക്കും ഇടയിലുള്ള എളംകുളം മെട്രോ സ്റ്റേഷനു സമീപം ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നാണ് ലഹരി പിടികൂടിയത്.
പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരി പിടികൂടുന്നതിനായി ഫ്ലാറ്റിൽ എത്തിയപ്പോൾ പ്രതികൾ ബലപ്രയോഗത്തിലൂടെ വാതിൽ അടയക്കാൻ ശ്രമിക്കുകയും പോലീസ് ആ നീക്കം തകർക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഇവർ ലഹരി വസ്തുക്കൾ നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അതേസമയം എംഡിഎംഎയുടെ പിൽസ് അടക്കമുള്ളവ ശുചിമുറിയിൽ എറിഞ്ഞ് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചു. എന്നാൽ പോലീസ് ഇത് പിന്നീടു വീണ്ടെടുക്കുകയായിരുന്നു. ലഹരിവസ്തുക്കൾ കൂടാതെ ഒന്നര ലക്ഷം രൂപയും പോലീസ് ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
ലഹരിക്കെതിരെയുള്ള പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ഡാൻസാഫ് സംഘം പരിശോധനകൾ ശക്തമാക്കിയിരുന്നു. സംശയമുള്ളവരെ നിരീക്ഷിച്ചതിനു ശേഷമായിരുന്നു പരിശോധനകൾ. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സിനിമ പിആർ മേഖലയിൽ പ്രവർത്തിക്കുന്ന റിൻസി മുംതാസ് അടുത്തിടെ എംഡിഎംഎ കേസിൽ ഫ്ലാറ്റിൽനിന്ന് അറസ്റ്റിലായത്.