തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഇത്തവണ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിനെ നയിക്കുക ‘സാംസൺ ബ്രദേഴ്സ്’. ഒപ്പം ചേട്ടന്റെ നിർദേശങ്ങൾ അനിയൻ അനുസരിക്കും. ചേട്ടൻ സലി സാംസൺ ക്യാപ്റ്റനായ ടീമിന്റെ വൈസ് ക്യാപ്റ്റനായും അനുജനും രാജ്യാന്തര താരമായ സഞ്ജു സാംസണേയും നിയോഗിച്ചു.
വലംകൈ പേസറായ സലി നേരത്തേയും കൊച്ചി ടീമിന്റെ ഭാഗമായിരുന്നു. അതേസമയം സൂപ്പർ താരമായ സഞ്ജുവിനെ അതേ പാളയത്തിലേക്ക് ഇത്തവണ ടീം എത്തിച്ചത് കെസിഎലിലെ റെക്കോർഡ് ലേലത്തുകയായ 26.8 ലക്ഷം രൂപയ്ക്കാണ്. ഒരുമിച്ചു കളിച്ചുവളർന്ന സലിയും സഞ്ജുവും മുൻപ് കേരളത്തിന്റെ അണ്ടർ 16, അണ്ടർ 19 ടീമുകളിൽ ഒരുമിച്ചിട്ടുണ്ട്. അതിൽ ഒരുവർഷം അണ്ടർ 19 ടീമിനെ നയിച്ചതു സഞ്ജുവായിരുന്നു. എന്നാൽ ചേട്ടന്റെ ക്യാപ്റ്റൻസിയിൽ അനുജൻ കളിക്കാനിറങ്ങുന്നത് ഇതാദ്യമാണ്.
അതേസമയം അണ്ടർ 15 മുതൽ അണ്ടർ 25 വരെയുള്ള കേരള ടീമുകളിൽ കളിച്ചിട്ടുള്ള സലി അണ്ടർ 16 ദേശീയ സൗത്ത് സോൺ ടീമിലും ഇടം നേടിയിരുന്നു. ഏജീസ് ഓഫിസിൽ സീനിയർ ഓഡിറ്ററും ഏജീസ് ടീമിലെ മുഖ്യ ബോളറുമാണ് സലി. എന്നാൽ സഞ്ജുവിന്റെ ആദ്യ കെസിഎൽ സീസണാണിത്.