കോഴിക്കോട്: കോഴിക്കോട് അത്തോളിയിലെ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ (ജിവിഎച്ച്എസ്എസ്) പ്ലസ് വൺ വിദ്യാർഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂര മർദനമേറ്റെന്ന് പരാതി. മുഹമ്മദ് അമീൻ എന്ന വിദ്യാർഥിക്കാണ് പ്ലസ് ടു വിദ്യാർഥികളിൽനിന്ന് മർദനമേറ്റത്.
റാഗിങ്ങിന്റെ ഭാഗമായി സീനിയർ വിദ്യാർഥികൾ പാട്ടുപാടാനും ഡാൻസ് ചെയ്യാനും നിർബന്ധിച്ചു. ഇതിന് തയ്യാറാകാതിരുന്നതോടെ സംഘം ചേർന്ന് മർദിച്ചു. ഇടവഴിയിൽ വെച്ച് അടിച്ചുവീഴ്ത്തി, നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സംഭവത്തിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർഥിയുടെ രക്ഷിതാക്കൾ അത്തോളി പോലീസിൽ പരാതി നൽകി.
അതേസമയം പരുക്കേറ്റ അമീൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും പരാതിയിൽ പറയുന്നു.