തൃശ്ശൂർ: കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഒരു കോടതിക്കും റദ്ദ് ചെയ്യാനാവാത്ത വിധത്തിൽ അടുത്ത വർഷം മാനദണ്ഡം മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി. സംസ്ഥാന സർക്കാരിന് തെറ്റുപറ്റിയില്ലെന്ന് പറഞ്ഞ മന്ത്രി ആർ ബിന്ദു, വിഷയത്തിൽ സർക്കാരിനെതിരെ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനുള്ള ഒരു ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത്. പക്ഷേ കോടതിയിൽ സിംഗിൾ ബെഞ്ച് അത് റദ്ദ് ചെയ്തു. ഡിവിഷൻ ബെഞ്ചും വിധി ശരിവെച്ചു. സംസ്ഥാന ബോർഡിന്റെ കീഴിൽ പഠിച്ച കുട്ടികൾക്ക് പ്രയാസമുണ്ടായി. അതിനു കാരണം സർക്കാർ എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്.
സർക്കാർ എടുത്ത തീരുമാനം കീം ഫലത്തെ ബാധിച്ചിട്ടില്ല. കുട്ടികൾ പുറന്തള്ളപ്പെട്ടു. അതിൽ അനീതിയുണ്ട്. 2012 മുതൽ തുടരുന്നതാണിത്. എല്ലാ കുട്ടികൾക്കും തുല്യതയും നീതി വേണമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിൻ്റേത്. ആരാണ് ഉത്തരവാദി എന്ന് ആലോചിച്ചാൽ മതി, ഉത്തരം കിട്ടുമെന്നും മന്ത്രി പറഞ്ഞു.