തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിൽ സാങ്കേതിക തകരാർമൂലം നിർത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം അടുത്ത ആഴ്ച ആദ്യം തന്നെ യുകെയിൽ തിരിച്ചെത്തിച്ചേക്കും. ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അസോസിയേറ്റഡ് പ്രസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അറബിക്കടലിനു മുകളിലൂടെയുള്ള പതിവ് പറക്കലിനിടെ മോശം കാലാവസ്ഥ കാരണമാണ് എഫ് –35ബി യുദ്ധവിമാനം ജൂൺ 14ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. ബ്രിട്ടീഷ് റോയൽ നേവിയുടെ ഫ്ലാഗ്ഷിപ്പ് വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസില്‍ നിന്നായിരുന്നു യുദ്ധവിമാനം പറന്നുയർന്നത്.
സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തിന് സാങ്കേതിക തകരാർ കാരണം തിരികെ പറക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് യുകെയിൽനിന്ന് എൻജിനീയർമാർ എത്തി വിമാനത്തെ ഹാങറിലേക്ക് മാറ്റിയിരുന്നു. നിലവിൽ അറ്റകുറ്റപ്പണികൾ നടത്തിവരികയാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകുമെന്നും അടുത്ത ആഴ്ച വിമാനം യുകെയിലേക്ക് തിരികെ പറക്കുമെന്നും എപി റിപ്പോർട്ട് ചെയ്തു.