കണ്ണൂർ: പഠിപ്പു മുടക്കാനെത്തിയെ എസ്എഫ്ഐ പ്രവർത്തകർ പാചകപ്പുരയിൽ കയറി പാചകക്കാരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും അരി തട്ടിമറിച്ചെന്നും പരാതി. കേളകം മണത്തണ ജിഎച്ച്എസ്എസിലാണ് സംഭവം. അധികൃതരുടെ പരാതിയിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അക്ഷയ മനോജിനെതിരെയാണ് കേസെടുത്തത്.
ഉച്ചഭക്ഷണം തയ്യാറാക്കിയാൽ ക്ലാസ് തുടരേണ്ടി വരും എന്നു പറഞ്ഞ് പാചകപ്പുരയിൽ കയറുകയും പാചകക്കാരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് പരാതി. കഴുകിയ അരി ഇടാൻ ശ്രമിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായതെന്ന് പാചകക്കാരിയായ വസന്ത പറഞ്ഞു. ‘‘പ്രായത്തിന്റെ ബഹുമാനമെങ്കിലും കാണിക്കേണ്ടേ. ഓൾടെ അമ്മയാകാൻ പ്രായമുണ്ട്. ചെലക്കല്ലാന്നാണ് എന്നോട് പറഞ്ഞത്. ഞാൻ ഇറങ്ങടീ എന്നു തിരിച്ചു പറഞ്ഞു.’’ – വസന്ത പറഞ്ഞു. തന്റെ കൈ പിടിച്ച് തിരിച്ചുവെന്നും അരി തട്ടിമറിച്ചുവെന്നും വസന്ത ആരോപിച്ചു.
പഠിപ്പുമുടക്കിനെത്തുടർന്ന് രാവിലെ തന്നെ പ്ലസ് ടു വിദ്യാർഥികളെ വിട്ടിരുന്നു. ഹൈസ്കൂൾ വിദ്യാർഥികളെ വിട്ടയയ്ക്കാൻ സാധിക്കില്ലെന്നറിയിച്ചതോടെയാണ് പ്രശ്നം ഉടലെടുത്തത്. ഭക്ഷണം വയ്ക്കുന്നത് തടഞ്ഞാൽ വിദ്യാർഥികളെ നേരത്തെ വിടേണ്ടി വരുമെന്നതിനാലാണ് പ്രവർത്തകർ പാചകപ്പുരയിലെത്തിയതെന്നാണ് വിവരം. അതേസമയം, എസ്എഫ്ഐ പ്രഖ്യാപിച്ച പഠിപ്പു മുടക്ക് ജില്ലയിൽ ഭാഗികമായിരുന്നു. കണ്ണൂർ നഗരത്തിലെ മിക്ക സ്കൂളുകളിലും ക്ലാസ് മുടങ്ങിയപ്പോൾ മലയോര മേഖലയെ സമരം സാരമായി ബാധിച്ചില്ല. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. സമരക്കാർ പോസ്റ്റ് ഓഫിസിനുള്ളിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളും നടന്നു.
ചക്കരക്കൽ മുണ്ടേരി ജിഎച്ച്എസ് സ്കൂളിൽ വിദ്യാർഥികളെ വിട്ടയച്ചതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെ കെഎസ്‌യു പ്രവർത്തകർ ഉപരോധിച്ചു. കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് നടത്തിയപ്പോൾ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രിൻസിപ്പൽ എസ്എഫ്ഐ സമരം പ്രഖ്യാപിച്ചപ്പോൾ രാവിലെ തന്നെ സ്കൂൾ വിട്ടെന്നാരോപിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ എന്നിവരെ പൊലീസെത്തി അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. എസ്എഫ്ഐ പ്രവർത്തകർക്ക് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുകയായിരുന്നുവെന്നും ഇത് ചോദിക്കാൻ എത്തിയപ്പോൾ പൊലീസിനെ വിളിച്ചുവരുത്തി തങ്ങളെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു.