കൊച്ചി: മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയിലെ ദുരിതയാത്രയിൽ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി. ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു.
ദേശീയപാതയിൽ യാത്രക്കാർ വലിയ പ്രശ്നമാണ് നേരിടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ടോൾ നൽകുന്ന യാത്രക്കാരുടെ സൗകര്യം പ്രധാനമാണ്. തടസ്സം കൂടാതെ പാത ഉപയോഗിക്കാൻ യാത്രക്കാർക്ക് കഴിയണം. റോഡ് ഗതാഗത യോഗ്യമല്ലെങ്കിൽ ടോളുകൊണ്ട് കാര്യമില്ലെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. അതിനകം പ്രശ്നം പരിഹരിക്കണമെന്നും ടോൾ നിർത്തലാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ അറിയിക്കാനും കോടതി നിർദേശിച്ചു. വിഷയം അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.
പാലിയേക്കരയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തെയും ദേശീയപാത അതോറിറ്റിയെ വിമർശിച്ചിരുന്നു. സര്‍വീസ് റോഡുകൾ പോലും സഞ്ചാരയോഗ്യമല്ലെന്ന് പരാതി ഉയരുന്ന സാഹചര്യത്തിലായിരുന്നു കോടതിയുടെ പരാമർശങ്ങൾ. ഇത്തരത്തിലൊരു പ്രശ്നം ഉണ്ടാകുമെന്ന് ദേശീയപാത അതോറിറ്റി മുൻകൂട്ടി അറിയണമായിരുന്നെന്നും കോടതി അഭിപ്രായപ്പെട്ടു.