ചെന്നൈ: കടലൂരിലെ ട്രെയിൻ അപകടം ക്ഷണിച്ചുവരുത്തിയതെന്നു സൂചന. അടഞ്ഞു കിടന്ന റെയിൽവേ ഗേറ്റ് തുറക്കാൻ ഗേറ്റ് കീപ്പറെ സ്കൂൾ ബസ് ഡ്രൈവർ നിർബന്ധിച്ചതാണ് കടലൂരിലെ അപകടത്തിലേക്ക് നയിച്ചതെന്ന് റെയിൽവേയുടെ കുറിപ്പ്. രാവിലെ 7.45നായിരുന്നു അപകടം. ട്രെയിൻ സ്കൂൾ വാനിലിടിച്ച് വിദ്യാർഥികളായ നിമിലേഷ് (12), ചാരുമതി (16) എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. ഗേറ്റ് കീപ്പർ പങ്കജ് കുമാറിനെ ദക്ഷിണ റെയിൽവേ സസ്പെൻഡ് ചെയ്തു. അതേസമയം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും റെയിൽവേയും മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
സംഭവത്തെ കുറിച്ച് റെയിൽവേയുടെ കുറിപ്പ് ഇങ്ങനെ- കടലൂരിലെ റെയിൽവേ ഗേറ്റിലൂടെയാണ് സ്വകാര്യ സ്കൂൾ ബസ് പതിവായി കടന്നു പോകുന്നത്. രാവിലെ പതിവുപോലെ ബസ് എത്തിയപ്പോൾ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. ആറ് കുട്ടികളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഈ സമയം വില്ലുപുരം– മയിലാടുതുറൈ പാസഞ്ചർ ട്രെയിൻ താമസിക്കുമെന്ന് അറിയിപ്പെത്തി. ഇതോടെ ഗേറ്റ് തുറക്കാൻ ഡ്രൈവർ ജീവനക്കാരനെ നിർബന്ധിച്ചു. തുടർന്ന് ഗേറ്റ് കീപ്പർ ഗേറ്റ് തുറന്ന് ബസ് കടത്തി വിടുമ്പോഴായിരുന്നു അപകടം. റെയിൽവേ ഗേറ്റ് കടന്നു പോകാൻ ആ സമയം സ്കൂൾ ബസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത് വളവായതിനാൽ ട്രെയിൻ വരുന്നത് ഡ്രൈവരുടെ കണ്ണിൽ പെട്ടില്ല.