കൊച്ചി: ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ പ്രഥമ എൻഎഫ്ഒ (ന്യൂഫണ്ട് ഓഫർ)ക്ക് വിപണിയിൽ വൻവരവേൽപ്പ്. ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെയും ബ്ലാക്ക്‌റോക്കിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രഥമ എൻഎഫ്ഒ വിജയകരമായി പൂർത്തിയാക്കിയെന്ന് കമ്പനി പ്രഖ്യാപിച്ചു. 17,800 കോടി രൂപയാണ് എൻഎഫ്ഒയിലൂടെ സമാഹരിച്ചത്. ജിയോബ്ലാക്ക്‌റോക്ക് ഓവർനെറ്റ് ഫണ്ട്, ജിയോബ്ലാക്ക്‌റോക്ക് ലിക്വിഡ് ഫണ്ട്, ജിയോബ്ലാക്ക്‌റോക്ക് മണിമാർക്കറ്റ് ഫണ്ട് എന്നിങ്ങനെയുള്ള മൂന്ന് കാഷ്/ഡെറ്റ് മ്യൂച്ചൽ ഫണ്ട് സ്‌കീമുകളിലൂടെയാണ് നിക്ഷേപം സമാഹരിച്ചത്.
ജൂൺ 30 ന് ആരംഭിച്ച മൂന്ന് ദിവസത്തെ എൻഎഫ്ഒ, 90ലധികം സ്ഥാപന നിക്ഷേപകരിൽ നിന്ന് നിക്ഷേപങ്ങൾ ആകർഷിച്ചു. ഡാറ്റ അധിഷ്ഠിത നിക്ഷേപവും ഡിജിറ്റൽ-ഫസ്റ്റ് സമീപനവും സംയോജിപ്പിക്കുന്ന ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്മെന്റിന്റെ മൂല്യ നിർദ്ദേശത്തിലുള്ള ആത്മവിശ്വാസമാണ് സ്ഥാപന നിക്ഷേപരുടെ മികച്ച താൽപ്പര്യം പ്രതിഫലിപ്പിക്കുന്നത്. ഓഫർ കാലയളവിൽ 67,000-ത്തിലധികം വ്യക്തികളാണ് ഈ ഫണ്ടുകളിൽ നിക്ഷേപിച്ചത്. ജിയോബ്ലാക്ക്‌റോക്ക് ക്യാഷ്/ഡെറ്റ് മ്യൂച്വൽ ഫണ്ട് സ്‌കീമുകൾക്ക് റീട്ടെയ്ൽ നിക്ഷേപകരിൽ നിന്നുള്ള മികച്ച പ്രതികരണത്തിന്റെ സൂചനയാണിത്.
ജൂലൈ രണ്ടിന് അവസാനിച്ച എൻഎഫ്ഒ, കാഷ്/ഡെറ്റ് ഫണ്ട് സെഗ്മെന്റിൽ രാജ്യം കണ്ട ഏറ്റവും വലിയ ന്യൂഫണ്ട് ഓഫറുകളിലൊന്നായിരുന്നു. ഇതോടെ രാജ്യത്തെ ടോപ് 15 അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ പട്ടികയിലും ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനി സ്ഥാനം പിടിച്ചു. 47 ഫണ്ട് ഹൗസുകൾ കൈകാര്യം ചെയ്യുന്ന കടപ്പത്ര ആസ്തികളുടെ കണക്കനുസരിച്ചാണിത്.
കാഷ്, ഹ്രസ്വ കാല വകയിരുത്തലുകളിൽ നിക്ഷേപകർക്ക് മികച്ച അവസരങ്ങൾ നൽകുന്നതായിരുന്നു ജിയോബ്ലാക്ക്‌റോക്ക് ഫണ്ടുകൾ. ഹ്രസ്വകാല, ഡെറ്റ്, മണി മാർക്കറ്റ് മ്യൂച്ച്വൽ ഫണ്ടുകൾ നിക്ഷേപകർക്ക് പെട്ടെന്ന് നേട്ടം നൽകാൻ സാധ്യതയുള്ളവയാണ്.
‘സ്ഥാപന നിക്ഷേപകരിൽ നിന്നും വ്യക്തിഗത നിക്ഷേപകരിൽ നിന്നും ഞങ്ങളുടെ ആദ്യ എൻഎഫ്ഒക്ക് ലഭിച്ച പ്രതികരണത്തിൽ വളരെയധികം സന്തോഷമുണ്ട്. ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ നൂതനാത്മകമായ നിക്ഷേപ ഫിലോസഫിക്കുള്ള പിന്തുണ കൂടിയാണിത്. ഞങ്ങളുടെ റിസ്‌ക് മാനേജ്‌മെന്റ് ശേഷിക്കും ഡിജിറ്റൽ ഫസ്റ്റ് സമീപനത്തിനും ലഭിച്ച അംഗീകാരം കൂടിയാണ്. ഇന്ത്യയുടെ വളർന്നുവരുന്ന നിക്ഷേപ ഭൂമികയിൽ, എല്ലാ തരം നിക്ഷേപകരെയും പരിഗണിച്ചുള്ള ഞങ്ങളുടെ ശക്തമായ തുടക്കമാണിത്,’ ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ സിദ്ദ് സ്വാമിനാഥൻ പറഞ്ഞു.
അക്കൗണ്ട് ക്രിയേഷൻ
റീട്ടെയ്ൽ നിക്ഷേപകർക്ക് ജിയോഫിനാൻസ് ആപ്പിലൂടെ ജിയോബ്ലാക്ക്‌റോക്ക് ഫണ്ടുകളിൽ നിക്ഷേപം നടത്താം. ഇനി വരുന്ന എൻഎഫ്ഒകളിൽ പങ്കാളികളുമാകാം. ഇതിനായി അക്കൗണ്ട് ക്രിയേഷൻ ഇനിഷ്യേറ്റിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ജിയോഫിനാൻസ് ആപ്പിലൂടെ അധികം സങ്കീർണതകളില്ലാതെ മിനിറ്റുകൾക്കുള്ളിൽ നിക്ഷേപകർക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം. ജിയോഫിനാൻസ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻവെസ്റ്റ് ടാബ് ക്ലിക്ക് ചെയ്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാവുന്നതാണ്.