ന്യൂയോർക്ക്: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ പ്രസ്താവനയെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രംഗത്ത്. മസ്‌കിന്റെ തീരുമാനത്തെ പരിഹാസ്യം എന്നു വിശേഷിപ്പിച്ച ട്രംപ് പുതിയ പാർട്ടി കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും പറഞ്ഞു. അതേസമയം നാസ അഡ്മിനിസ്‌ട്രേറ്ററായി മസ്‌കിന്റെ സുഹൃത്ത് ജാരെഡ് ഐസക്മാനെ നാമനിർദ്ദേശം ചെയ്യാൻ സമ്മർദം ചെലുത്തിയെന്നും ട്രംപ് ആരോപിച്ചു.
‘അമേരിക്കയിൽ മൂന്നാമതൊരു രാഷ്ട്രീയ പാർട്ടി തുടങ്ങുന്നത് പരിഹാസ്യമാണ്. മൂന്നാം കക്ഷി തുടങ്ങുന്നത് ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു. അദ്ദേഹത്തിന് അത് നന്നായി ആസ്വദിക്കാം. പക്ഷേ, അത് പരിഹാസ്യമാണെന്ന് ഞാൻ കരുതുന്നു. മൂന്നാം കക്ഷികൾ ഒരിക്കലും വിജയിച്ചിട്ടില്ല.’ ട്രംപ് കൂട്ടിച്ചേർത്തു.
കൂടാതെ മസ്‌കിനെതിരെ ട്രൂത്ത് സോഷ്യലിൽ ട്രംപ് പുതിയ പോസ്റ്റുമിട്ടു: ‘കഴിഞ്ഞ അഞ്ച് ആഴ്ചകളായി ഇലോൺ മസ്‌ക് പൂർണ്ണമായും വഴി തെറ്റിപ്പോയിരിക്കുന്നതിൽ ദുഃഖം തോന്നുന്നു. അമേരിക്കയിൽ അത് ഒരിക്കലും വിജയിച്ചിട്ടില്ലെന്ന വസ്തുത ഉണ്ടായിരുന്നിട്ടും, ഒരു മൂന്നാം രാഷ്ട്രീയ പാർട്ടികൂടി തുടങ്ങാൻ അദ്ദേഹം ആഗ്രഹിക്കുന്നു – അമേരിക്കയിലെ സംവിധാനങ്ങൾ അവർക്കായി രൂപകൽപ്പന ചെയ്തതല്ലെന്ന് തോന്നുന്നു. പൂർണ്ണമായ തടസ്സവും അരാജകത്വവും സൃഷ്ടിക്കുക എന്നതാണ് മൂന്നാം കക്ഷികൾക്ക് ചെയ്യാവുന്ന കാര്യം. ആത്മവിശ്വാസവും ബുദ്ധിയും നഷ്ടപ്പെട്ട തീവ്ര ഇടതു ഡെമോക്രാറ്റുകളിലൂടെ നമുക്കത് മനസിലായിട്ടുണ്ട്!’
അതേസമയം നാസ അഡ്മിനിസ്‌ട്രേറ്ററായി മസ്‌കിന്റെ സുഹൃത്ത് ജാരെഡ് ഐസക്മാനെ നാമനിർദ്ദേശം ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും ട്രംപ് ആരോപിച്ചു. സർക്കാരിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി ട്രംപ് രൂപീകരിച്ച ഡോജി(ഡിപാർട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി- കാര്യക്ഷമതാ വകുപ്പ്)ന്റെ തലവനായിരുന്ന സമയത്താണ് മസ്‌ക് ഇക്കാര്യത്തിനായി സമ്മർദം ചെലുത്തിയതായും ട്രംപ് പറഞ്ഞു.
ഇതിനിടെ മസ്‌ക് രാഷ്ട്രീയത്തിൽ ഏർപ്പെടുന്നതിനു പകരം തന്റെ ബിസിനസുകൾ നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ട്രംപിന്റെ ഫിനാൻസ് സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഉപദേശിച്ചി. ‘ഡോജ് വളരെ ജനകീയമായിരുന്നു. എന്നാൽ, മസ്‌ക് അങ്ങനെയായിരുന്നില്ല. മസ്‌കിന്റെ ബജറ്റ് വെട്ടിച്ചുരുക്കലുകളും പിരിച്ചുവിടലുകളും ജനപ്രിയമല്ലായിരുന്നു. മസ്‌ക് ഡോജ് തലവനായിരുന്ന സമയത്ത് ടെസ്‌ല അടക്കമുള്ള ബിസിനസ് സ്ഥാപനങ്ങൾ ശ്രദ്ധിച്ചതുമില്ല.’ അദ്ദേഹം പറഞ്ഞു.
അതേസമയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി പരമ്പരയായി പോസ്റ്റുകൾ ഇട്ട മസ്‌ക് തന്റെ പാർട്ടിയുടെ പേര് അമേരിക്ക പാർട്ടി എന്നാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അടുത്ത വർഷം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്ന് മസ്‌ക് സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ, 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജന്മംകൊണ്ട് അമേരിക്കൻ പൗരത്വമില്ലാത്തതിനാൽ മസ്‌കിന് മത്സരിക്കാൻ സാധിക്കില്ലെന്നാണ് കണക്കൂകൂട്ടൽ. 1971-ൽ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് മസ്‌ക് ജനിച്ചത്.
ഇതുവരെയുള്ള അമേരിക്കയുടെ ദീർഘകാല രാഷ്ട്രീയചരിത്രം പരിശോധിച്ചാൽ റിപ്പബ്ലിക്കൻമാരോ, ഡെമോക്രാറ്റുകളോ മാത്രമേ അധികാരത്തിലെത്തിയിട്ടുള്ളൂ. മൂന്നാം കക്ഷിയുമായി പലരും ഉദയം ചെയ്തിരുന്നെങ്കിലും അവയ്‌ക്കൊന്നും കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. പാർട്ടി പ്രഖ്യാപിക്കുമെന്ന് മസ്‌ക് സൂചന നൽകിയ ജൂൺ 30 മുതൽ ജൂലായ് രണ്ടുവരെ ക്വാണ്ടസ് ഇൻസൈറ്റ് നടത്തിയ അഭിപ്രായ സർവേയിൽ 14 ശതമാനം വോട്ടർമാർ പൂർണമായും 26 പേർ ഭാഗികമായും മസ്‌കിന്റെ പാർട്ടിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.