കോയമ്പത്തൂർ: ഭർത്താവ് മരിച്ചുകിടന്നതറിയാതെ ഭാര്യ അതേവീട്ടിൽ ഒപ്പം താമസിച്ചത് ആറു ദിവസമെന്ന് റിപ്പോർട്ട്. കോയമ്പത്തൂർ ഉക്കടം കോട്ടൈപുതൂർ ഗാന്ധിനഗറിലാണ് സംഭവം. ഏതാനും ദിവസം മുൻപാണു അമിത മദ്യപാനത്തെ തുടർന്ന് അബ്ദുൽ ജബ്ബാർ (48) മരിച്ചത്. വീട്ടിൽനിന്നു ദുർഗന്ധമുയർന്നതിനെത്തുടർന്ന് അയൽവാസികൾ പരാതി പറഞ്ഞപ്പോൾ മകനെത്തി പരിശോധിച്ചപ്പോഴാണു മരണവിവരം അറിഞ്ഞത്. ഉടൻതന്നെ ബിഗ് ബസാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് ജബ്ബാർ മരിച്ചിട്ട് 5- 6 ദിവസമായെന്ന് പുറംലോകമറിഞ്ഞത്.
അതേസമയം ജോലിക്കൊന്നും പോകാത്ത അബ്ദുൽ ജബ്ബാർ സ്ഥിരം മദ്യപാനമായിരുന്നെന്നും മനോദൗർബല്യമുള്ള ഭാര്യ മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. ചെറിയ വീടായിരുന്നതിനാൽ സമീപത്തെ മുത്തശ്ശിയുടെ വീട്ടിലാണ് ഇവരുടെ മകനും മകളും താമസിച്ചിരുന്നത്. ശനിയാഴ്ച വീട്ടിൽ നിന്നു ദുർഗന്ധമുണ്ടെന്ന് അയൽക്കാർ പറഞ്ഞതിനെത്തുടർന്നു മകൻ എത്തി പരിശോധിച്ചിരുന്നു.
എന്താണു മണമെന്ന മകന്റെ ചോദ്യത്തിനു എലി ചത്ത മണമായിരിക്കുമെന്ന് അമ്മ പറയുകയും ചെയ്തു. കൂടാതെ അബ്ദുൽ ജബ്ബാർ കിടക്കയിൽ ഉറങ്ങിക്കിടക്കുന്നതു കാണുകയും ചെയ്തതോടെ മകൻ തിരിച്ചു പോയി. ഞായറാഴ്ച ദുർഗന്ധം കൂടിയതോടെ അയൽക്കാർ വീണ്ടും മകനെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് കിടക്കയിലുള്ള പിതാവിന്റെ ശരീരത്തിൽ നിന്നാണു ദുർഗന്ധമെന്നു മനസിലായത്. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അമിത മദ്യപാനം മൂലം മരിച്ചതാണെന്നാണു പ്രാഥമിക നിഗമനം.
കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി…, പുറത്തെടുക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അദ്ഭുത രക്ഷ