കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ നാല് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. കുടുംബത്തിന് അടിയന്തര സഹായമായി അരലക്ഷം രൂപ മന്ത്രി വാസവൻ ബിന്ദുവിൻ്റെ വീട്ടിലെത്തി നൽകി. ബിന്ദുവിൻ്റെ മകൾ നവമിയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മകന് മെഡിക്കൽ കോളേജിൽ താത്കാലിക ജോലി നൽകും. ഇത് പിന്നീട് സ്ഥിരപ്പെടുത്തും. മന്ത്രിസഭാ യോഗം ചേർന്ന് കുടുംബത്തിന് നൽകേണ്ട ധനസഹായം സംബന്ധിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
അതിനിടെ ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ട് റിപ്പോർട്ട് പുറത്ത് വന്നു. തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് ബിന്ദുവിന്റെ മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു. വാരിയെല്ലുകൾ പൂർണ്ണമായും ഒടിഞ്ഞു. ഇന്നലെ രാവിലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണ് മകൾക്ക് കൂട്ടിരിപ്പിനായി എത്തിയ ബിന്ദു മരണപ്പെട്ടത്. രണ്ടര മണിക്കൂര്‍ നേരമാണ് ബിന്ദു തകര്‍ന്നുവീണ കെട്ടിടത്തിനിടയിൽ കുടുങ്ങിക്കിടന്നത്. ബിന്ദുവിന്‍റെ ശ്വാസകോശം, കരള്‍, ഹൃദയം ഉള്‍പ്പെടെയുള്ള ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായി ക്ഷതമേറ്റിരുന്നു.
അതേ സമയം, കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അരുൺ കെ. ഫിലിപ്പ് വ്യക്തമാക്കിയിരുന്നു. കാലാകാലങ്ങളായി മെഡിക്കൽ കോളേജ് സംബന്ധിച്ച കാര്യങ്ങളിൽ അധികൃതർ പഞ്ചായത്തുമായി സഹകരിക്കുന്നില്ലെന്നാണ് ആക്ഷേപം. മെഡിക്കൽ കോളേജിലെ കാര്യങ്ങളൊന്നും പഞ്ചായത്തിനെ അറിയിക്കാറില്ല. പല കെട്ടിടങ്ങളും കെട്ടിട നിർമ്മാണ ചട്ടത്തിന് വിരുദ്ധമാണെന്നും വൈസ് പ്രസിഡന്‍റ് അരുൺ കെ ഫിലിപ്പ് വിമര്‍ശിച്ചു.
നിയമങ്ങളെ വളച്ചൊടിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. പുതിയ കെട്ടിടങ്ങൾക്ക് പോലും അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് സൗകര്യമില്ല. അധികൃതരോട് ചോദിച്ചാൽ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. നിലവിൽ അപകടകരമായ കെട്ടിടങ്ങളുടെ അവസ്ഥയറിയിക്കാൻ മെഡിക്കൽ കോളേജ് അധികൃതർക്ക് നോട്ടീസ് നൽകാനാണ് പഞ്ചായത്തിന്‍റെ തീരുമാനം.