കീവ്: യുക്രൈൻ തലസ്ഥാനമായ കീവിലെ വിവിധയിടങ്ങളിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായാണ് ജനവാസമേഖലകളിൽ ഉൾപ്പെടെ കീവിലെ വിവിധയിടങ്ങളിൽ റഷ്യ ആക്രമണം നടത്തിയത്. മണിക്കൂറുകൾനീണ്ടുനിന്ന ആക്രമണത്തിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നതായും എട്ടുപേർക്ക് പരിക്കേറ്റതായും കീവ് മിലിട്ടറി അഡ്മിനിസ്‌ട്രേഷൻ മേധാവി തൈമുർ കാച്ചെങ്‌കോ അറിയിച്ചു.
അതേസമയം വെള്ളിയാഴ്ച പുലർച്ചെ ഒട്ടേറെതവണ റഷ്യ മിസൈലാക്രമണം നടത്തിയെന്ന് യുക്രൈൻ വ്യോമസേന പറയുന്നു. കീവിന് നേരേ ബാലിസ്റ്റിക് മിസൈൽ ആക്രമണമുണ്ടാകുമെന്ന് വ്യോമസേന വെള്ളിയാഴ്ച പുലർച്ചെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെ നഗരത്തിൽനിന്ന് വലിയ സ്‌ഫോടനശബ്ദം കേട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കൂടാതെ നഗരത്തിലെ വിവിധയിടങ്ങളിൽനിന്ന് വലിയതോതിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജൂണിൽ മാത്രം റഷ്യ 330-ഓളം മിസൈലുകളാണ് യുക്രൈന് നേരേ തൊടുത്തുവിട്ടതെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി നേരത്തേ ആരോപിച്ചിരുന്നു. 80 ബാലിസ്റ്റിക് മിസൈലുകളും 5,000 കോംബാറ്റ് ഡ്രോണുകളും റഷ്യ പ്രയോഗിച്ചതായും യുക്രൈൻ ആരോപിച്ചു.
ഇതിനിടെ വ്യാഴാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചെങ്കിലും റഷ്യ- യുക്രൈൻ വെടിനിർത്തൽ സംബന്ധിച്ച ചർച്ചകളിൽ യാതൊരു പുരോഗതിയുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. മാത്രമല്ല ട്രംപ് തന്റെ നിരാശ പങ്കുവയ്ക്കുകയും ചെയ്തു.
ട്രംപിന്റെ വാക്കുകൾ ഇങ്ങനെ-
”ഞങ്ങൾ സംസാരിച്ചു, അതൊരു നീണ്ട ഫോൺസംഭാഷണമായിരുന്നു. ഇറാൻ ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ ചർച്ചയിൽ കടന്നുവന്നു. യുക്രൈനുമായുള്ള യുദ്ധത്തെക്കുറിച്ചും സംസാരിച്ചു. പക്ഷേ, ഞാൻ അക്കാര്യത്തിൽ സന്തോഷവാനല്ല”, അതേസമയം യുക്രൈനുമായുള്ള വെടിനിർത്തൽ കരാർ ചർച്ചകളിൽ എന്തെങ്കിലും പുരോഗതിയുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നും അദ്ദേഹവുമായുള്ള ചർച്ചകളിൽ ഒരു പുരോഗതിയും ഉണ്ടായില്ലെന്നും ട്രംപ് പ്രതികരിച്ചു.