ന്യൂഡൽഹി: ഇന്ത്യൻ കരസേനയ്ക്ക് കരുത്തായി അമേരിക്കയുടെ സ്വന്തം അപ്പാച്ചെ യുദ്ധ ഹെലികോപ്ടറുകൾ എത്തുന്നു. കരസേനയ്ക്കായി അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യബാച്ച് ഈ മാസം എത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറ് അപ്പാച്ചെ എ എച്ച് – 64 ഇ യുദ്ധ ഹെലികോപ്റ്ററുകളാണ് ഉടൻ തന്നെ ഇന്ത്യൻ കരസേനയുടെ പ്രഹര ശേഷി വർധിപ്പിക്കാൻ എത്തുക. 2020 ൽ അമേരിക്കയുമായി ഒപ്പുവെച്ച 600 മില്യൺ ഡോളറിന്റെ (5100 കോടിയിലധികം ഇന്ത്യൻ രൂപ) കരാർ പ്രകാരമാണ് ആറ് അപ്പാച്ചെ എ എച്ച് – 64 ഇ ആക്രമണ ഹെലികോപ്റ്ററുകൾ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നത്.
2020 ൽ അപ്പാച്ചെ ഹെലികോപ്റ്ററുകൾ വാങ്ങാനായി കരാറൊപ്പിട്ടെങ്കിലും അമേരിക്കയിലെ സാങ്കേതിക പ്രശ്നങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും മൂലം ഇത് എത്താൻ വൈകുകയായിരുന്നു. 2024 മെയ്-ജൂൺ മാസങ്ങളിൽ നിശ്ചയിച്ചിരുന്ന ഡെലിവറി 15 മാസത്തിലേറെയാണ് വൈകിയത്. ജൂലൈ 15 നകം മൂന്ന് ഹെലികോപ്റ്ററുകളും, ഈ വർഷം നവംബറോടെ ബാക്കി മൂന്നെണ്ണവും എത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യൻ ആർമിയുടെ യുദ്ധശേഷി, പ്രത്യേകിച്ച് പാകിസ്താൻ അതിർത്തിയിലെ പടിഞ്ഞാറൻ മേഖലയിൽ, ഗണ്യമായി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ജോധ്പൂരിൽ 2024 മാർച്ചിൽ സ്ഥാപിതമായ ആർ ആന്റ് ആർ അപ്പാച്ചെ സ്ക്വാഡ്രൺ ഈ ഹെലികോപ്റ്ററുകൾക്കായി കാത്തിരിക്കുകയാണ്. അത്യാധുനിക സെൻസറുകൾ, രാത്രി യുദ്ധ സംവിധാനങ്ങൾ, ഹെൽഫയർ മിസൈലുകൾ, സ്റ്റിംഗർ എയർ ടു എയർ മിസൈലുകൾ എന്നിവയാൽ സജ്ജമായ ഈ ഹെലികോപ്റ്ററുകൾ ‘ഫ്ലൈയിംഗ് ടാങ്ക്’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിക്ക് ശേഷം, പടിഞ്ഞാറൻ അതിർത്തിയിലെ യുദ്ധസന്നദ്ധത വർധിപ്പിക്കുന്നതിന് ഈ ഹെലികോപ്റ്ററുകൾ നിർണായകമാകും.