ന്യൂഡൽഹി: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. കാക്കകളിൽ വരെ പക്ഷിപ്പനി കണ്ടെത്തിയെന്നും പക്ഷിപ്പനി നിയന്ത്രിക്കാൻ കൂടുതൽ കേന്ദ്ര സഹായം വേണമെന്നും മന്ത്രി വ്യക്തമാക്കി. 2016 മുതൽ കേന്ദ്ര ഫണ്ട് ബാധ്യത ആയിരിക്കുകയാണ്. 2021 മുതൽ കേന്ദ്ര ഫണ്ട് ലഭിക്കാൻ ഉണ്ടെന്നും മന്ത്രി വിശദീകരിച്ചു. ആറ്കോടി 63 ലക്ഷം രൂപയാണ് ഈ ഇനത്തിൽ കിട്ടാൻ ഉള്ളതെന്നും ഡൽഹിയിലെത്തിയ ചിഞ്ചുറാണി വ്യക്തമാക്കി. മൃഗ, ക്ഷീര മന്ത്രാലയ സെക്രട്ടറിയോ മന്ത്രിയോ കാണാൻ കഴിഞ്ഞില്ലെന്നും സഹമന്ത്രി ജോർജ് കുര്യനെ ആണ് കണ്ടതെന്നും അവർ വിവരിച്ചു.
കേരളത്തിന് കിട്ടേണ്ട നഷ്ടപരിഹാരം ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. ഉടൻ പരിഹരിക്കാം എന്ന് കൂടിക്കാഴ്ചയിൽ അറിയിച്ചെന്നും അതിനായുള്ള നടപടികൾ ആരംഭിച്ചെന്നാണ് കേന്ദ്രത്തിൽ നിന്ന് കിട്ടിയ മറുപടിയെന്നും ചിഞ്ചുറാണി വിശദീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന് കേന്ദ്രത്തിൽ നിന്ന് എല്ലാ പിന്തുണയും ലഭിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. കേന്ദ്ര സ്കീമുകൾ എല്ലാം സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പാൽവില കൂട്ടാൻ സാധ്യതയുണ്ടെന്നും ചിഞ്ചുറാണി പറഞ്ഞു. മിൽമയും കർഷകരും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തെക്കുറിച്ച് വിശദമായി അറിയില്ലെന്നും ചിഞ്ചുറാണി പറഞ്ഞു. യോഗങ്ങളിലായതിനാൽ വാർത്തകൾ കാണാൻ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലം സന്ദർശിച്ചു. എന്നാൽ അപകടത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി നിമിഷങ്ങൾക്കകം മടങ്ങുകയായിരുന്നു. പറയാൻ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാർ പറഞ്ഞെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നാണ് ആരോഗ്യ മന്ത്രി പ്രതികരിച്ചത്. രക്ഷാപ്രവർത്തനത്തിൽ വീഴ്ച വന്നിട്ടില്ലെന്നും സാധ്യമായതെല്ലാം എത്രയും വേഗം ചെയ്തുവെന്നും വീണ ജോർജ് വിവരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.
അതിനിടെ അപകടത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ പ്രതികരണവുമായി രംഗത്തെത്തി. ഇനിയാർക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത്. ആരോടാണ് പരാതി പറയണ്ടതെന്നും മക്കളെ പഠിപ്പിച്ചത് ബിന്ദുവാണെന്നുമാണ് വിശ്രുതൻ പറഞ്ഞത്. രക്ഷാപ്രവർത്തനം കുറച്ചു കൂടി നേരത്തെ ആയിരുന്നെങ്കിൽ ഒരു പക്ഷെ ജീവനോടെ കിട്ടിയേനെയെന്നും സംഭവസമയത്ത് താൻ ബ്ലഡ് ബാങ്കിൽ ആയിരുന്നുവെന്നും അമ്മയെ കാണാനില്ലെന്ന് മകൾ പറഞ്ഞുവെന്നും വിശ്രുതൻ കൂട്ടിച്ചേർത്തു.