തിരുവനന്തപുരം: ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ കർശന നടപടികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിന്റെ ഭാഗമായി ദേവസ്വം ബോർഡ് പബ്ലിക് റിലേഷൻസ് ഓഫീസർ ജി.എസ്. അരുണിനെ ശബരിമല സ്പോൺസർഷിപ്പ് കോർഡിനേറ്ററായി നിയമിച്ചു. ദേവസ്വം ബോർഡിൻ്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ പി. വിജയകുമാറിനെ അസിസ്റ്റൻ്റ് സ്പോൺസർഷിപ്പ് കോർഡിനേറ്ററായും നിയമിച്ചിട്ടുണ്ട്.
ശബരിമല ദേവസ്വവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളിൽ ചിലർ ‘ശബരിമല കോർഡിനേറ്റർ’ എന്ന വ്യാജേന അനധികൃതമായി സ്പോൺസർഷിപ്പ് എന്ന പേരിൽ പണപ്പിരിവ് നടത്തുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരത്തിൽ യാതൊരു വ്യക്തികളെയും ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവർ നടത്തുന്ന പണപ്പിരിവ് അനധികൃതമാണെന്നും ബോർഡ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് അനധികൃത പിരിവുകൾ തടയാൻ പുതിയ നിയമനം നടത്തിയത്.
ശബരിമലയിലേക്കുള്ള സ്പോൺസർഷിപ്പ് സംഭാവനകൾ ശബരിമല സ്പോൺസർഷിപ്പ് കോർഡിനേറ്റർമാർ വഴിയോ, ശബരിമല സന്നിധാനത്തെ എക്സിക്യൂട്ടീവ് ഓഫീസിലോ, തിരുവനന്തപുരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തോ നേരിട്ട് നൽകാവുന്നതാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും സംഭാവനകൾ നൽകാൻ സൗകര്യമുണ്ട്. ഇതല്ലാതെയുള്ള പണപ്പിരിവുകൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ലെന്നും ബോർഡ് അറിയിച്ചു.