കോട്ടയം: മകളുടെ ചികിൽസയ്ക്കായി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ വീട്ടമ്മ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. മകളുടെ ചികിൽസാ ആവശ്യത്തിനെത്തിയതായിരുന്നു ബിന്ദുവും ഭർത്താവും. അതേസമയം കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് അവശിഷ്ടങ്ങൾക്കിടയിൽനിന്നു ബിന്ദുവിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. അപ്പോഴേക്കും ഇവർ മരിച്ചിരുന്നു.
ബിന്ദു തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ബിന്ദുവെന്ന് ഭർത്താവ് വിശ്രുതൻ പറഞ്ഞു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിൽസയിലാണ്. ഇന്നു രാവിലെ പതിനൊന്നുമണിയോടെയാണ് പതിനാലാം വാർഡിലെ ശുചിമുറിയുടെ ഭാഗം ഇടിഞ്ഞുവീണത്. മുഖ്യമന്ത്രിയുടെ അവലോകന യോഗം കോട്ടയത്തു നടക്കുമ്പോഴാണ് അപകടം. മന്ത്രിമാരായ വീണാ ജോർജും വി.എൻ. വാസവനും മെഡിക്കൽ കോളെജിലെത്തിയിട്ടുണ്ട്.