കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ ‘കെറ്റാമെലോൺ’നെ പിന്നിൽ പ്രവർത്തിച്ച തല മൂവാറ്റുപുഴക്കാരൻ എഡിസണിന്റേതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). എൻസിബിയുടെ കൊച്ചി യൂണിറ്റ് മെലൺ എന്ന പേരിൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് കെറ്റാമെലോൺ എന്ന മയക്കുമരുന്ന് ശൃംഖലയെ തൂത്തെറിഞ്ഞത്.
ഇവരുടെ പക്കൽനിന്ന് ഏകദേശം 35.12 ലക്ഷം രൂപ വിലമതിക്കുന്ന 1,127 എൽഎസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും, 70 ലക്ഷം രൂപ വിലമതിക്കുന്ന ക്രിപ്റ്റോ കറൻസികളും പിടിച്ചെടുത്തു. അതേസമയം എൻസിബി ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനും ശേഷമാണ് അന്വേഷണ സംഘം എഡിസണിലേക്കു എത്തിയതെന്നു സൂചന. കഴിഞ്ഞ വ്യാഴാഴ്ച കൊച്ചിയിലെത്തിയ പോസ്റ്റൽ പാർസലുകളിൽ 280 എൽഎസ്ഡി ബ്ലോട്ടുകൾ കണ്ടെത്തിരുന്നു. ഇതിൻരെ ചുവട് പിടിച്ചുനടത്തിയ അന്വേഷണത്തിൽ മൂവാറ്റുപുഴ സ്വദേശിയാണ് ഇത് ബുക്ക് ചെയ്തിരിക്കുന്നത് എന്ന് സ്ഥിരീകരിച്ചു.
ഇതോടെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ, 847 എൽഎസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും കൂടി പിടിച്ചെടുത്തു. കൂടാതെ, ഡാർക്ക്‌നെറ്റ് മാർക്കറ്റുകൾ ആക്‌സസ് ചെയ്യാൻ ഉപയോഗിക്കുന്ന വിവരങ്ങളടങ്ങിയ ഒരു പെൻഡ്രൈവ്, ഒന്നിലധികം ക്രിപ്‌റ്റോകറൻസി വാലറ്റുകൾ, ഹാർഡ് ഡിസ്‌കുകൾ തുടങ്ങിയവയും ഇവിടെ നിന്നുംകണ്ടെടുത്തുവെന്നും എൻസിബി അറിയിച്ചു.
മാത്രമല്ല ‘കെറ്റാമെലോൺ’ ഇന്ത്യയിലെ ഏക ലെവൽ 4 ഡാർക്ക്‌നെറ്റ് വിതരണക്കാരനാണെന്നും അന്വേഷണങ്ങളിൽ വെളിപ്പെട്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. രാജ്യത്ത് വൻ ബന്ധങ്ങളുള്ള ഇയാൾ കഴിഞ്ഞ രണ്ട് വർഷമായി ഈ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞു. ബെംഗളൂരു, ചെന്നൈ, ഭോപ്പാൽ, പട്‌ന, ഡൽഹി, കൂടാതെ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് എൽഎസ്ഡി എഡിസൺ അയച്ചിട്ടുണ്ട്. അതുമാത്രമല്ല കഴിഞ്ഞ 14 മാസത്തിനുള്ളിൽ 600-ൽ അധികം പാർസലുകളാണ് ഇയാൾ അയച്ചിരിക്കുന്നത്.
അതേസമയം എൻസിബി പിടിച്ചെടുത്ത മയക്കുമരുന്നുകൾക്കു ഏകദേശ മാർക്കറ്റ് വില 35.12 ലക്ഷം രൂപവരുമെന്നാണ് റിപ്പോർട്ട്. എൽഎസ്ഡിക്ക് ഒന്നിന് 2,500 മുതൽ 4,000 രൂപ വരെ വിലയുണ്ട്. പ്രതിയെയും അയാളുടെ കൂട്ടാളിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും എൻസിബി അറിയിച്ചു.