നെടുമ്പാശ്ശേരി: തായ്ലാൻഡിൽനിന്ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ പത്തനംതിട്ടയിൽനിന്നുള്ള ദമ്പതിമാരുടെ ബാഗേജ് പരിശോധിച്ച കസ്റ്റംസ് അധികൃതർ അന്തംവിട്ടു. സംഭവം വേറൊന്നുമല്ല ബാഗിനകത്തിരുന്നു സംഭവമെന്താന്ന് ഒരു പിടിയും കിട്ടാതെ കണ്ണും മിഴിച്ചിരിക്കുന്ന മൂന്ന് കുഞ്ഞൻ മർമോസെറ്റ് കുരങ്ങുകളും തത്തയിനത്തിൽപ്പെട്ട നീല നിറത്തോടുകൂടിയ ഹയാസിദ് മക്കാവും കൂടാതെ രണ്ട് വെളുത്ത അധരമുള്ള ടാമറിൻ കുരങ്ങുകളും.
സംഭവം വന്യജീവികളെ കടത്തിക്കൊണ്ടുവന്നതാണെന്നു മനസിലായ കസ്റ്റംസ് പത്തനംതിട്ട സ്വദേദേശികളായ ജോബ്സൺ ജോയ് (28), ഭാര്യ ആര്യമോൾ (28) എന്നിവരെ കസ്റ്റഡിയിലെടുത്തി. തിങ്കളാഴ്ച പുലർച്ചെ തായ് എയർവേയ്സ് വിമാനത്തിലാണ് ഇവരെത്തിയത്. മക്കാവിന് നല്ല വലുപ്പമുണ്ട്. കുരങ്ങുകൾ കുഞ്ഞൻമാരാണ്. സംശയം തോന്നിയാണ് ഉദ്യോഗസ്ഥർ ഇവരുടെ ബാഗേജ് തുറന്ന് പരിശോധിച്ചത്.
പ്രത്യേകതരം പെട്ടിയിലാക്കിയാണ് വന്യജീവികളെ ഒളിപ്പിച്ചിരുന്നത്. കാരക്കാട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും ചൊവ്വാഴ്ച പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും.
അതേസമയം ജൂൺ 24-നാണ് ഇവർ തായ്ലാൻഡിലെ ബാങ്കോക്കിലേക്ക് പോയത്. പണത്തിനുവേണ്ടി കാരിയർമാരായതായി ഇവർ കസ്റ്റംസ് അധികൃതരോട് പറഞ്ഞു. കൊച്ചി വിമാനത്താവളത്തിൽ എത്തുമ്പോൾ ഒരാൾ അരികിലെത്തി വന്യജീവികളെ ഏറ്റുവാങ്ങുമെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. പിടിയിലായവരെയും വന്യജീവികളെയും വനംവകുപ്പിനു കൈമാറി. പിടിയിലായ വന്യജീവികൾ ലാറ്റിൻ അമേരിക്കൻ മഴക്കാടുകളിലാണ് ധാരാളം കണ്ടുവരുന്നത്. വന്യജീവികളെ പുത്തൂർ സുവോളിക്കൽ പാർക്കിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.