ടെഹ്‌റാൻ: ഇറാനിലെ സൈനിക കേന്ദ്രങ്ങളും ഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നൊവേഷൻ ആൻഡ് റിസർച്ച് സെന്ററും ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം തുടരുന്നു. ഇന്നലെ ഇസ്രയേലിൽ ആശുപത്രിയടക്കം ആക്രമിക്കപ്പെട്ടതോടെ കനത്ത ആക്രമണമാണ് വെള്ളിയാഴ്ച ഇസ്രേയൽ സേന നടത്തിയത്. ഇറാന്റെ ആണവായുധ നിർമാണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നൊവേഷൻ ആൻഡ് റിസർച്ച് (എസ്പിഎൻഡി) സ്ഥാപനത്തിന് നേരെയുൾപ്പെടെ കനത്ത ആക്രമണമുണ്ടായതായി റിപ്പോർട്ട്.
അതേസമയം അറുപതിലധികം യുദ്ധവിമാനങ്ങളും മിസൈലുകളും ബോംബുകളുമുൾപ്പെടെ ഏകദേശം 120 ആയുധങ്ങൾ ഉപയോഗിച്ചാണ് ഇസ്രയേൽ വെള്ളിയാഴ്ച ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എസ്പിഎൻഡി ഉൾപ്പെടെ ഇറാനിലെ പന്ത്രണ്ടോളം സൈനിക കേന്ദ്രങ്ങൾക്കുനേരെ തുടരെത്തുടരെ 0ഇസ്രയേൽ കനത്ത ആക്രമണമാണ് നടത്തിയത്. ടെഹ്‌റാനിലെ മിസൈൽ നിർമാണ കേന്ദ്രങ്ങൾക്കുനേരെയും വെള്ളിയാഴ്ച ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സേന അവകാശപ്പെട്ടു.
എസ്പിഎൻഡി ഇറാന്റെ പ്രതിരോധരംഗത്ത് നിർണായക സാന്നിധ്യമാണ്. ആയുധനിർമാണത്തിലും നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും എസ്പിഎൻഡി വലിയ പങ്കാണ് വഹിക്കുന്നത്. 2011-ൽ ഇറാന്റെ ആണവായുധ പദ്ധതിയുടെ ശിൽപ്പിയെന്ന് അറിയപ്പെടുന്ന ഫഖ്രി സദേയാണ് എസ്പിഎൻഡി സ്ഥാപിക്കുന്നത്. വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ ആണവായുധ പദ്ധതിയുടെ സുപ്രധാനകേന്ദ്രം തകർത്തതായാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. പക്ഷെ കൂടുതൽ വിവരങ്ങൾ ഇസ്രയേൽ സേന പുറത്തുവിട്ടിട്ടില്ല.
അതേസമയം ഇസ്രേയൽ- ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. വിവിധ ലോകരാജ്യങ്ങൾ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അത് പൂർണമായി ലക്ഷ്യം കണ്ടിട്ടില്ല. നയതന്ത്ര ഇടപെടലുകളും പുരോഗമിക്കുകയാണ്. ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേരിലാണ് ഇറാനെതിരായ സൈനിക നടപടി ഇസ്രയേൽ തുടങ്ങിയത്. ഇറാന്റെ ആണവ പദ്ധതികൾ തടയുകയായിരുന്നു ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേലിന്റെ വാദം. ആണവായുധമുണ്ടാക്കാനുള്ള ഘട്ടത്തിലേക്ക് ഇറാൻ അടുത്തുവെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ ട്രൂ പ്രോമിസ് III എന്ന പേരിലാണ് ഇറാൻ പ്രത്യാക്രമണം ആരംഭിച്ചത്.