മലപ്പുറം: റാപ്പർ ഡബ്സിയെ (മുഹമ്മദ് ഫാസിൽ) പൊലീസ് അറസ്റ്റു ചെയ്തു. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിലാണ് അറസ്റ്റ്. മൂന്നു സുഹൃത്തുക്കളും അറസ്റ്റിലായി. ഇവരെ ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കടം നൽകിയ പണം തിരികെ കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നാണ് ഡബ്സിക്കെതിരെ ലഭിച്ച പരാതി. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
മലയാളി റാപ്പറും ഗായകനും ഗാനരചയിതാവുമാണ് ഡബ്സി. തല്ലുമാല എന്ന ചിത്രത്തിലെ ‘മണവാളന്‍ തഗ്’ എന്ന ഗാനത്തിലൂടെയാണ് റാപ്പറായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മുന്‍പ് ഉണ്ണി മുകന്ദന്‍ ചിത്രം മാര്‍ക്കോയിലെ ഗാനവുമായി ബന്ധപ്പെട്ടും ഡബ്സി വിവാദത്തിലായിരുന്നു. മാർക്കോയിലെ ഗാനത്തെ കുറിച്ച് ഡബ്സിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
“മാര്‍ക്കോ എന്ന സിനിമയെ ചൊല്ലി കുറച്ചധികം പ്രശ്‌നങ്ങള്‍ നടന്നുവരുന്നുണ്ട്. ആദ്യം തന്നെ പറയാനുള്ളത്, ഇതിലിപ്പോൾ ഒന്നുമില്ല. ചിത്രത്തില്‍ പാടാനായി ഞാൻ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു. അതിനുശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. അവരോട് എനിക്ക് യാതൊരു വിരോധവുമില്ല. പാട്ടിന്റെ കമ്പോസര്‍ ഞാന്‍ അല്ല. പാട്ടിന്റെ പോരായ്മകള്‍ പരിഹരിക്കുക എന്നുള്ളത് അതിന്റെ സംവിധായകന്റെ ഉത്തരവാദിത്വമാണ്.
അതുകൊണ്ട് ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല. നന്ദി”. – ഡബ്സി പറഞ്ഞു. പുതിയ പാട്ടുകളുമായി ഇനിയും മുന്നോട്ട് പോകുമെന്നും കൂടെ നിന്നവര്‍ക്ക് നന്ദി എന്നും ഡബ്സി കൂട്ടിച്ചേർത്തു. ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘മാർക്കോ’യിലെ ബ്ലഡ് എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെ ഗാനത്തിനെതിരെ രൂക്ഷ വിമർശനം ഉയരുകയും ചെയ്തു.