കൊച്ചി: പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മകൾ നിരന്തര പീഡനത്തിന് ഇരയായിരുന്നതായി അമ്മ അറിഞ്ഞിരുന്നില്ലെന്ന് വിവരം. എന്നാൽ വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ചോദ്യം ചെയ്യൽ ഇന്നും തുടരും.
കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലിനിടെയാണ് കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നുവെന്ന വിവരം അമ്മയെ പൊലീസ് അറിയിച്ചത്. നിസംഗതയോടെയാണ് ഇക്കാര്യം അമ്മ കേട്ടിരുന്നത്. ഭർത്താവിന്റെ വീട്ടുകാർ കുട്ടിയിൽ നിന്ന് തന്നെ അകറ്റുന്നതായി തോന്നി. കൂടാതെ ഭർത്താവ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി തനിക്ക് വിവരം ലഭിച്ചു . രണ്ടാനമ്മയുടെ കൂടെ മകൾ ജീവിക്കുന്നത് സ്വപ്നം കണ്ടെന്നും മകളുടെ ഭാവി ഓർത്താണ് കൊലപ്പെടുത്തിയതെന്നും യുവതി പൊലീസിന് മൊഴി നൽകി.
അതേസമയം പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച അടുത്ത ബന്ധുവിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം ഇന്ന് അപേക്ഷ നൽകിയേക്കും. ഇയാളെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.