തിരുവനന്തപുരം: കോൺഗ്രസ് എംപി ശശി തരൂരിനെതിരെ രൂക്ഷമായ ഭാഷയില്ഡ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസിനുള്ളിലെ ബിജെപി സ്ലീപ്പിംഗ് സെല്ലിൽ ബർത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തരൂരെന്ന് ബിനോയ് വിശ്വം. കോൺഗ്രസിനുള്ളിൽ ബിജെപി സ്ലീപ്പിംഗ് സെല്ലുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആശങ്ക നിസാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം പോലും പാർട്ടി നേട്ടത്തിനായി ബിജെപി ഉപയോഗിക്കുകയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. അതിർത്തി കടന്നുള്ള പാക് ഭീകരാക്രമണത്തെ തുടർന്നുള്ള ഇന്ത്യയുടെ പോരാട്ടവും ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലവും ലോകത്തോട് വിശദീകരിക്കാൻ നടത്തുന്ന പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് പേര് നിർദേശിക്കാതിരിക്കെ കേന്ദ്രം തരൂരിനെ പട്ടികയിൽ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അതേസമയം ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തെത്ത്. തരൂർ പുതിയ തലങ്ങളിലേക്കു പോകുന്നത് പാർട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുതെന്ന് തിരുവഞ്ചൂർ മുന്നറിയിപ്പും നൽകുന്നുണ്ട്.
അതുപോലെ കോൺഗ്രസ് പാർട്ടി അംഗമെന്ന നിലയിലെ പ്രാഥമിക ഉത്തരവാദിത്തങ്ങൾ തരൂർ നിറവേറ്റണം. അന്തർദേശീയ തലങ്ങളിലടക്കം പ്രവർത്തിക്കുമ്പോൾ പാർട്ടിയുടെ കൂടി അംഗീകാരം നേടണം. ഏതുതലം വേണമെങ്കിലും തരൂരിന് പോകാം. പക്ഷേ കോൺഗ്രസിൽ ആയിരിക്കുമ്പോൾ പാർട്ടിക്ക് വിധേയനാകണമെന്നും തിരുവഞ്ചൂർ മുന്നറിയിപ്പ് നൽകി.