ഫ്ലോറിഡ: യാത്രക്കാരുമായി ഉണ്ടായ വാക്ക് തർക്കത്തിന് ഇടയിൽ തോക്ക് ചൂണ്ടി യൂബർ ഡ്രൈവർ.അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. മിയാമി റാപ്പർ ക്രിസ്സി സെലെസ് ആണ് ഒരു സുഹൃത്തിനോടൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ തനിക്കുണ്ടായ അനുഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോയിൽ ക്രിസ്സിയും സുഹൃത്തും പോകേണ്ട സ്ഥലത്തേക്കുള്ള വഴിയേ ചൊല്ലി യൂബർ ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെടുന്നത് വീഡിയോയിൽ കാണാം.
ഒരു വനിതാ ഡ്രൈവർ ആയിരുന്നു ടാക്സി ഓടിച്ചിരുന്നത്. തർക്കം കൂടുതൽ വഷളായതോടെ ഡ്രൈവർ കോപാകുലയായി അവരോട് വാഹനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുന്നു. എന്നാൽ, വാഹനത്തിൽ നിന്നും ഇറങ്ങാൻ തയ്യാറാകാതിരുന്ന ക്രിസ്റ്റിയും സുഹൃത്തും ഡ്രൈവറുടെ പെരുമാറ്റം മോശമാണെന്ന് അഭിപ്രായപ്പെടുന്നു.
ഇതോടെ കൂടുതൽ രോഷാകുലയായ ഡ്രൈവർ വാഹനത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന തോക്ക് അവർക്ക് നേരെ ചൂണ്ടി വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ ആക്രോശിക്കുന്നു. ഇതോടെ ഭയന്നുപോയ ക്രിസ്റ്റിയും സുഹൃത്തും വാഹനത്തിൽ നിന്നും ഇറങ്ങുന്നു. പെട്ടെന്ന് തന്നെ വളരെ വേഗത്തിൽ കാർ എടുത്ത് ഡ്രൈവർ പോവുകയും ചെയ്യുന്നു.വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി ആളുകളാണ് ഡ്രൈവർക്കെതിരെ നിയമനടപടികൾ എടുക്കണമെന്ന് അഭിപ്രായപ്പെട്ടത്.