ആലപ്പുഴ: കേരളത്തിൽ വരുന്ന ഒക്ടോബർ- നവംബർ മാസങ്ങളിൽ ഒരു ദിവസം അർജൻ്റീന ഫുട്ബോൾ കളിക്കാനെത്തുമെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്മാൻ. നിലവിൽ അർജന്റീനയുമായി സംസ്ഥാന സർക്കാർ നല്ല ബന്ധത്തിലാണ്. ടീം എത്തില്ല എന്നൊന്നും പറയാൻ കഴിയില്ല. ഇത് ഫിഫ മാച്ചല്ല. അവർക്ക് കളിക്കാൻ സാധിക്കുന്ന രണ്ട് സ്റ്റേഡിയങ്ങൾ നിലവിൽ കേരളത്തിലുണ്ട്. ഇത് സംബന്ധിച്ച് ഒരു ആശയകുഴപ്പവുമില്ല. അതേസമയം കാണികളെ കൂടുതൽ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിലായിരിക്കും കളി നടത്തുക. മാത്രമല്ല സ്റ്റേഡിയം സംബന്ധിച്ച് ആശങ്കയുമില്ല. ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടന്നാൽ വരുന്ന ഒക്ടോബർ മാസത്തിൽ അർജൻ്റീനയുടെ നല്ല ടീം കേരളത്തിൽ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വാർത്ത കണ്ട് ആശങ്ക തനിക്കും ഉണ്ടായിരുന്നു. എന്നാൽ താൻ അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ടു. ഉദ്ദേശിച്ച രീതിയിൽ പണമടച്ചാൽ കളി നടക്കുമെന്നാണ് അവർ പറഞ്ഞത്. പണം അടയ്ക്കുമെന്ന് സ്പോൺസറും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ കളി നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്രീൻഫീൽഡും കലൂർ സ്റ്റേഡിയവുമായി മത്സരത്തിനായി പരിഗണിക്കുന്നത്.
മത്സരത്തിൽ ആദ്യ അൻപത് റാങ്കിനുള്ളിലുള്ള ഒരു ടീമായിരിക്കും അർജൻ്റീനയുടെ എതിരാളി. പണം അടയ്ക്കാൻ റിസർവ് ബാങ്കിന്റെ ഒരു അനുമതി കൂടി കിട്ടാനുണ്ടായിരുന്നു. അത് ലഭിച്ചു. അടുത്തയാഴ്ച സ്പോൺസർ പണം അടയ്ക്കും. അതോടെ എല്ലാ കാര്യങ്ങൾക്കും വ്യക്തത വരും. സ്പോർട്സും രാഷ്ട്രീയവും തമ്മിൽ ഒരു ബന്ധമില്ലെന്ന് പറഞ്ഞ മന്ത്രി ഫുട്ബോളിന് ഒരൊറ്റ പൊളിറ്റിക്സേയുള്ളൂവെന്നും പ്രതികരിച്ചു.
മുൻപ് ഖത്തർ ലോകകപ്പോടെ അർജൻറീന ടീമിനും മെസിക്കും കേരളത്തിൽ കൈവന്ന വർദ്ധിച്ച സ്വീകര്യത, ലോകകപ്പ് സമയത്ത് കൊടുവള്ളിയിലെ പുള്ളാവൂർ പുഴയിൽ ആരാധകർ ഉയർത്തിയ കൂറ്റൻ കട്ടൗട്ട് ഷെയർ ചെയ്ത് അർജൻറീന ഫുട്ബോൾ അസോസിയേഷൻ പ്രകടിപ്പിച്ച താൽപര്യം- ഇങ്ങനെ പല ഘടകങ്ങൾ അനുകൂലമായി വന്ന സാഹചര്യത്തിലായിരുന്നു അർജൻറീന ടീം ഇന്ത്യയിൽ കളിക്കാൻ താൽപര്യം പ്രകടിപ്പിച്ചുളള വാർത്തകൾ വന്നത്. എന്നാൽ ഭാരിച്ച ചെലവ് താങ്ങാനാകില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഈ സാധ്യത തള്ളിക്കളയുകയായിരുന്നു. ഇതോടെയാണ് വലിയ അവസരമാണ് നഷ്ടപ്പെടുത്തുന്നതെന്നും മെസിയെയും ടീമിനെയും കേരളത്തിലെത്തിക്കാൻ ശ്രമം നടത്തുമെന്നും മന്ത്രി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചത്.
അതിനുശേഷം ഓൺലൈൻ വഴിയും സെപ്റ്റംബറിൽ സ്പെയിനിൽ നേരിട്ടുപോയും ചർച്ച നടത്തി. അർജൻറീനയ്ക്കും എതിർ ടീമിനുമായി നൽകേണ്ട തുക ഉൾപ്പെടെ 200 കോടിയിലേറെ രൂപ പൂർണമായൂം സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനായിരുന്നു നീക്കം. ആദ്യം ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷനായിരുന്നു സ്പോൺസർഷിപ്പിനായി രംഗത്ത് വന്നത്. എന്നാൽ വ്യാപാരോൽസവത്തിലൂടെ പണം കണ്ടെത്താനുള്ള നീക്കം വിജയിച്ചില്ല. ഇതോടെ അവർ പിൻമാറി. പിന്നാലെയായിരുന്നു റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിയുടെ വരവ്. ഇതോടെ സ്പോൺസർഷിപ്പ് ഓക്കെയാവുകയായിരുന്നു.