സുപ്രീം കോടതിയിൽ വച്ച് താൻ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി നിമ്രത് കൗർ അലുവാലിയ. തന്റെ 19-ാം വയസിൽ സുപ്രീം കോടതിയിൽ ഒരു ഹിയറിങ്ങിനായി പോയപ്പോഴുണ്ടായ ദുരനുഭവമാണ് നിമ്രത് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ബിഗ് ബോസ് ഷോയിലൂടെയും ഹിന്ദി സീരിയലുകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് നിമ്രത് കൗർ അലുവാലിയ. ഹൗട്ടർഫ്‌ളൈക്കിനു നൽകിയ അഭിമുഖത്തിലാണ് നടി പറയുന്നത്.
നടി പറയുന്നതിങ്ങനെ-
”എന്റെ നിതംബത്തിൽ ആരോ പിടിച്ചതായി തോന്നി. അവിടെ നിറയെ ആളുകൾ ഉണ്ടായിരുന്നതിനാൽ എനിക്ക് തോന്നിയതാണെന്ന് വിചാരിച്ചു. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ആ വ്യക്തി ഒന്നും അറിയാത്ത പോലെ മുമ്പിലേക്ക് നോക്കി നിൽക്കുകയായിരുന്നു. ഞാൻ എന്നൊരാൾ അവിടെ ഉണ്ടെന്ന് പോലും അയാൾ ശ്രദ്ധിക്കുന്നില്ല. എനിക്ക് എന്തോ പോലെ തോന്നി, അവിടെ നിന്നും മാറി നിന്നു.”
”അപ്പോൾ ആരോ എന്റെ കൈയ്യിൽ തൊടുന്നതായി തോന്നി. അയാൾ തന്നെയായിരുന്നു അത്. ഞാൻ നീങ്ങി നിന്നപ്പോൾ അയാളും എന്നോടൊപ്പം നീങ്ങി നിന്ന് എന്റെ നിതംബത്തിൽ വീണ്ടും സ്പർശിക്കാൻ തുടങ്ങി. ഞാൻ ഷോക്ക് ആയിപ്പോയി, കണ്ണൊക്കെ നിറയാൻ തുടങ്ങി. ഒരു മുതിർന്ന അഭിഭാഷക ഇത് ശ്രദ്ധിക്കുകയും, എന്നോട് അസ്വസ്ഥത എന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചു.”
”ഉണ്ടെന്ന് തലയാട്ടിയപ്പോൾ, അവർ അയാളെ അടിക്കുകയും ശകാരിക്കുകയും ചെയ്തു. തുടർന്ന് പോലീസിനെ വിളിച്ച് വിഷയം പരിഹരിക്കുകയും ചെയ്തു. അവരോട് ഞാൻ നന്ദി പറഞ്ഞു. സുപ്രീം കോടതിയിൽ ആയതിനാൽ മാനസികമായി സുരക്ഷിതയാണെന്ന് തോന്നിയിരുന്നു, എന്നിട്ടും അങ്ങനെയൊക്കെ സംഭവിച്ചു”.