ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷായുടെ പരാമര്‍ശം.
കുന്‍വര്‍ വിജയ് ഷായുടെ പ്രസംഗം വിഷലിപ്തമാണെന്നും മന്ത്രിയെ പുറത്താക്കണമെന്നും ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം. പ്രസംഗം നടത്തുമ്പോൾ വേദിയിലുള്ള ബിജെപി നേതാക്കൾ ആർത്ത് അട്ടഹസിച്ചു ചിരിച്ചുവെന്നും ജോൺ ബ്രിട്ടാസ് വിമർശിച്ചു.
അതേസമയം ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നുവെന്നും വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്നും ഖർഗെ കുറ്റപ്പെടുത്തി.
മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രിയായ കുൻവർ വിജയ് ഷായാണ് കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ‘നമ്മുടെ പെൺമക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവരെ ഒരു പാഠം പഠിപ്പിക്കാൻ നമ്മൾ അവരുടെ സഹോദരിയേത്തന്നെ അയച്ചു’, എന്നായിരുന്നു മന്ത്രിയുടെ പരാമർശം.