റിയാദ് : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ലളിതമായൊരു മാര്‍ഗം ഉപദേശിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ അത്താഴവിരുന്നില്‍ ഒന്നിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ ഉള്ളൂവെന്നാണ് ട്രംപിന്റെ വാദം. ആണവായുധങ്ങള്‍ കൈവശമുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ഒരു അത്താഴവിരുന്നില്‍ ഒന്നിച്ചാല്‍ നന്നായിരിക്കുമെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ പങ്കെടുത്ത യുഎസ്-സൗദി നിക്ഷേപ ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ പങ്കെടുത്ത യുഎസ് നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും പാകിസ്താനും യോജിച്ചുപോകുന്നുണ്ടെന്നും ഇരുരാജ്യങ്ങളെയും ഒരുമിപ്പിക്കുന്നതിന് അമേരിക്കയ്ക്ക് സാധിച്ചേക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ഒരുമിച്ചൊരു അത്താഴം കഴിക്കുക നല്ലതായിരിക്കില്ലേയെന്നും മാര്‍ക്കോ റൂബിയോയോട് ചോദിച്ചു.
”അവര്‍ ശരിക്കും നല്ല രീതിയില്‍ പോകുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. മാര്‍ക്കോ, നമുക്ക് അവരെ ഒന്നിച്ച് ഒരു നല്ല അത്താഴത്തിന് കൊണ്ടുപോയാലോ? അത് നന്നായിരിക്കില്ലേ?’ – ട്രംപ് പറഞ്ഞു.
ഇന്ത്യ മൂന്നാം കക്ഷി മധ്യസ്ഥത നിസ്സംശയം തള്ളിക്കളയുകയും പാകിസ്താനുമായുള്ള വെടിനിർത്തൽ ധാരണ നേരിട്ടുള്ള ചർച്ചകളുടെ ഫലമാണെന്ന് വ്യക്തമാക്കുന്നിടത്താണ് മധ്യസ്ഥവാദം ട്രംപ് വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.