തിരുവനന്തപുരം: കേരളം ഞെട്ടിയ തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഏകപ്രതി കേദൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 2017 ഏപ്രിൽ 5നാണ് അച്ഛൻ പ്രൊഫസർ രാജാ തങ്കം, അമ്മ ഡോക്ടർ ജീൻ പത്മം, സഹോദരി കരോലിൻ, ബന്ധുവായ ലളിത എന്നിവരെ കേദൽ മഴു കൊണ്ട് വെട്ടിക്കൊന്ന്, ചുട്ടെരിച്ചത്. രാവിലെ 11 മണിക്ക് തന്നെ കോടതിയിൽ വാദം ആരംഭിച്ചിരുന്നു. വധശിക്ഷ നൽകണെമെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പ്രതിഭാഗം ഇന്ന് വാദിച്ചത്.
കേസിൽ ഏകപ്രതിയായ കേദൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എട്ട് വർഷങ്ങൾക്ക് ശേഷമാണ് കൊടുക്രൂരതയിൽ വിധി വരുന്നത്. കൊലപാതകം, തെളിവ് നശിപ്പക്കൽ, ആയുധമുപയോഗിച്ച് പരിക്കേൽപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്ക് നേൽ ചുമത്തിയിരിക്കുന്നത്. കേദലിനെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
കുടുംബാംഗങ്ങളോടുള്ള ഒടുങ്ങാത്ത പകയായിരുന്നു കൊലപാതകത്തിന് കാരണം. രണ്ട് തവണ കേദലിനെ വിദേശത്ത് പഠിക്കാനയച്ചിരുന്നു. പക്ഷേ കേദൽ തിരിച്ചുവന്നു. അച്ഛന്‍ വഴക്കു പറഞ്ഞു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്. ആസൂത്രിതമായിട്ടാണ് കൊലപാതകം നടത്തിയത്. ഓൺലൈനായി മഴുവാങ്ങി സൂക്ഷിച്ചു, തക്കം കിട്ടിയപ്പോൾ മൂവരെയും കൊലപ്പെടുത്തി.