കൽപറ്റ: ആരൊക്കെ തലകുത്തി നിന്നാലും മൂന്നാം തവണ പിണറായി വിജയൻ മുഖ്യമന്ത്രിയാവില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തുന്ന മാർച്ചിന്റെ ഭാഗമായി വയനാട് കലക്ടറേറ്റിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ.
മുൻപ് കേരളാ ഹൗസിൽ ധനമന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച ഡീലാണ്. ഉദ്യോഗസ്ഥരെ ഒഴിവാക്കി ഗവർണറും കെവി തോമസുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഇത് ഒരു അന്തർധാരയുടെ ഭാഗമാണ്. 2026ൽ സിപിഎമ്മിനെ വിജയിപ്പിച്ചാൽ 2031ൽ ബിജെപിയെ അധികാരത്തിലെത്തിക്കും എന്നതാണ് ആ ഡീൽ.’’– അദ്ദേഹം പറഞ്ഞു.
അതേപോലെ മുഖ്യമന്ത്രിയുടെ മകളുടെ എക്‌സാലോജിക് കമ്പനി യാതൊരു സേവനവും നടത്താതെയാണ് സിഎംആർഎല്ലിൽ നിന്നും രണ്ടു കോടി രൂപ വാങ്ങിയത്. എസ്എഫ്ഐഒ അന്വേഷണം നടത്തി ചെയ്യാത്ത സേവനത്തിനു പണം വാങ്ങിയതായുള്ള കണ്ടെത്തൽ കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. മകൾ ഇങ്ങനെയൊരു കേസിൽ പ്രതിയായ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണം- മുരളീധരൻ ആവശ്യപ്പെട്ടു.
‘സ്ത്രീകളുടെ കണ്ണീർ വീഴ്ത്തിയ സർക്കാരാണ് ഇവിടെ ഭരിക്കുന്നത്. ആശാ വർക്കർമാർ 90 ദിവസമായി സമരം നടത്തിയിട്ടും ഒരു രൂപ പോലും അവർക്കു വേതനം വർധിപ്പിച്ചു കൊടുക്കാൻ ഈ സർക്കാർ തയാറായില്ല. സെക്രട്ടേറിയറ്റിനു മുൻപിൽ വനിതാ പോലീസ് ഉദ്യോഗാർഥികളുടെയും കണ്ണീർ വീണു. സ്ത്രീകളുടെ കണ്ണീർ വീണാൽ സാമ്രാജ്യങ്ങൾ തകരുമെന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. പുരാണവും ചരിത്രവും പരിശോധിച്ചാൽ അത് മനസിലാകും. ഇതിനിടെ സ്വന്തം സഖാവായ ശ്രീമതിയുടെ കണ്ണീരും പാർട്ടി വീഴ്ത്തി, അവരെയും പുറത്താക്കി.’’ – കെ. മുരളീധരൻ കൂട്ടിച്ചേർത്തു.