വാഷിങ്ടൻ: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ–പാക്കിസ്ഥാൻ ബന്ധം തീർത്തും വഷളായിരിക്കെ പാക്കിസ്ഥാനെ വളഞ്ഞിട്ട് ചോദ്യം ചെയ്ത് ഐക്യരാഷ്ട്രസംഘടന സുരക്ഷാ സമിതി. ഇന്നലെ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതി യോഗത്തിൽ പാക്കിസ്ഥാൻ തീർത്തും ഒറ്റപ്പെട്ടു. യോഗത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത ചോദ്യങ്ങൾ ഉയർന്നുവന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മാത്രമല്ല പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ സുരക്ഷ സമിതി തള്ളി.
കൂടാതെ പാക്കിസ്ഥാൻ ആണവഭീഷണി മുഴക്കിയതിനെയും മിസൈൽ പരീക്ഷണത്തെയും സുരക്ഷ സമിതി വിമർശിച്ചു. പാക്കിസ്ഥാന്റെ സമീപകാല മിസൈൽ പരീക്ഷണങ്ങളിൽ ഐക്യരാഷ്ട്രസംഘടന സുരക്ഷാ സമിതി അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചകളിൽ, സുരക്ഷ സമിതി അംഗങ്ങൾ ഭീകരാക്രമണത്തെ അപലപിക്കുകയും ഉത്തരവാദിത്തത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്തു.
അതേസമയം പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കറി തയിബയുടെ പങ്കിനെ കുറിച്ച് ഐക്യരാഷ്ട്ര സംഘടനയിലെ സുരക്ഷാസമിതി അംഗങ്ങൾ പാക്കിസ്ഥാൻ പ്രതിനിധികളോട് ചോദ്യം ഉയർത്തിയതായാണ് റിപ്പോർട്ട്. ഇതോടെ തങ്ങൾക്ക് അനുകൂലമായി രാജ്യാന്തര തലത്തിൽ വിഷയത്തെ മാറ്റാനുള്ള പാക്ക് തന്ത്രം അപ്പാടെ പാളിപ്പോയി,
കൂടാതെ ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് യോഗത്തിനെത്തിയ രാജ്യങ്ങൾ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന എല്ലാ ആരോപണങ്ങളും തങ്ങൾ നിരസിച്ചെന്ന് ചർച്ചകൾക്ക് ശേഷം പാക്കിസ്ഥാൻ പ്രതിനിധി അസിം ഇഫ്തിഖർ പറഞ്ഞു. സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചത് രാജ്യാന്തര നിയമത്തിന്റെ ലംഘനമാണെന്നും അസിം പറഞ്ഞു.
യോഗത്തിൽനിന്നു പുറത്തുവന്ന ശേഷം സ്ഥിതിഗതികൾ അസ്ഥിരമാണ് എന്ന് ടുണീഷ്യൻ നയതന്ത്രജ്ഞൻ ഖാലിദ് മുഹമ്മദ് ഖിയാരി പറഞ്ഞു. സംവാദത്തിനും സമാധാനപരമായ പരിഹാരത്തിനും വഴികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തിന്റെ തീവ്രത കുറയുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നെന്ന് ഒരു റഷ്യൻ നയതന്ത്രജ്ഞൻ പറഞ്ഞു.