കൊച്ചി: റാപ് ഗായകൻ വേടനെ പുലിപ്പല്ലുമായി അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഉയർന്ന വിവാദങ്ങളിൽ വനംവകുപ്പു കടുത്ത സമ്മർദത്തിൽ. മാധ്യമങ്ങളോടുള്ള പ്രതികരണം അതിരുവിട്ടെന്നു കാട്ടി, കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ആർ.അതീഷിനെതിരെ നടപടിയെടുക്കാൻ നീക്കമുണ്ട്.
അതീഷിനെ അന്വേഷണച്ചുമതലയിൽ നിന്നു മാറ്റുകയും സ്ഥലംമാറ്റുകയും ചെയ്തേക്കും എന്നാണു സൂചന. എന്നാൽ, വനംവകുപ്പിലെ പ്രമുഖ സർവീസ് സംഘടനകളിലൊന്നായ കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ് അതീഷ്. ഇതുകൊണ്ടുതന്നെ കർശന നടപടി ഒഴിവാക്കണമെന്നുള്ള ശക്തമായ സമ്മർദവും വകുപ്പിനുമേലുണ്ട്. കേസെടുത്തതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ പാലിച്ചെങ്കിലും വേടനെപ്പറ്റി മാധ്യമങ്ങളുടെ മുന്നിൽ അതീഷ് നടത്തിയ വെളിപ്പെടുത്തലുകൾ അതിരുവിട്ടെന്നാണു മന്ത്രിക്കു വനം മേധാവി സമർപ്പിച്ച റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി ആലോചിക്കുന്നത്.
എന്നാൽ, സെലിബ്രിറ്റിയുടെ അറസ്റ്റ് കൈകാര്യം ചെയ്യുന്നതിലെ പരിഭ്രമവും പരിചയക്കുറവുമാണ് അതീഷിന്റെ പ്രതികരണം കൈവിട്ടുപോകാൻ കാരണമെന്നും കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വീഴ്ചയില്ലെന്നു വ്യക്തമായ സാഹചര്യത്തിൽ കടുത്ത നടപടികൾ ഒഴിവാക്കണമെന്നുമാണു റേഞ്ചേഴ്സ് അസോസിയേഷന്റെ നിലപാട്. അതീഷിനെതിരെ നടപടിയെടുക്കുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും ഭാവിയിൽ ഉന്നതർ പ്രതികളാകുന്ന കേസുകളിൽ കർശന നടപടി സ്വീകരിക്കുന്നതിനോടു വൈമുഖ്യം കാട്ടാൻ വഴിയൊരുക്കുമെന്നും ഇവർ പറയുന്നു. അതീഷിന്റെ പെരുമാറ്റത്തെപ്പറ്റി പ്രതി വേടൻ ഇതുവരെ പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു.എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം ഇന്നോ നാളെയോ സംഘടനാ നിലപാട് അറിയിച്ചു മന്ത്രിക്കു കത്തു നൽകാനുള്ള ഒരുക്കത്തിലാണു ഭാരവാഹികൾ.