ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിനു പിറ്റേന്ന് പിടിയിലായ ജവാൻ പൂർണം സാഹു ഇപ്പോഴും പാക്ക് കസ്റ്റഡിയിൽ തുടരുന്നു . 48 മണിക്കൂറിനുള്ളിൽ മൂന്ന് ഫ്ലാഗ് മീറ്റിങ്ങുകൾ നടത്തിയിട്ടും ഫലമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ഇതു സംബന്ധിച്ച് ബിഎസ്എഫ് ഡയറക്ടർ ജനറൽ ദൽജിത് ചൗധരി വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെ വിവരം അറിയിച്ചു.പഞ്ചാബിലെ ഫിറോസ്പൂരിൽ കർഷകർക്ക് സുരക്ഷ ഒരുക്കുന്നതിനിടെയാണ് ബുധനാഴ്ച അബദ്ധത്തിൽ രാജ്യാന്തര അതിർത്തി കടന്നതിന് 40കാരനായ പൂർണം സാഹുവിനെ പാകിസ്ഥാൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തത്.
ബിഎസ്എഫ് 182–ാം ബറ്റാലിയന്റെ ഭാഗമായി പഞ്ചാബിലെ ഫെറോസ്പുർ സെക്ടറിലായിരുന്നു പൂർണം. മൂന്നാഴ്ച മുൻപാണ് അവധി കഴിഞ്ഞു തിരികെപ്പോയത്.അതിർത്തിയിൽ കർഷകരുടെ തുണയ്ക്കായുള്ള ‘കിസാൻ ഗാർഡ്’ ഡ്യൂട്ടിക്കിടെയാണ് സാഹു പാക്കിസ്ഥാന്റെ പിടിയിലായത്. വേനൽക്കാലത്ത് അതിർത്തിക്കും സീറോ ലൈനിനുമിടയിൽ സുരക്ഷാവേലിയില്ലാത്ത ഭാഗങ്ങളിൽ കൃഷി അനുവദിക്കാറുണ്ട്. രാവിലെ 9 മുതൽ 5 മണിവരെ ബിഎസ്എഫിന്റെ നിരീക്ഷണത്തിൽ ഇവിടെ കർഷകർക്കു സഞ്ചരിക്കാം.
യൂണിഫോമിൽ സർവീസ് റൈഫിളുമായി സാഹു തണലുള്ള പ്രദേശത്ത് വിശ്രമിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ പാകിസ്ഥാൻ പ്രദേശത്തേക്ക് പ്രവേശിക്കുകയായിരുന്നു.