കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് നല്‍കി മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ ടോം ചാക്കോ പൊലീസിനോട് സമ്മതിച്ചു. സിനിമാ സെറ്റുകളിൽ ലഹരി എത്തിച്ച് നൽകാൻ പ്രത്യേക ഏജന്‍റുമാരുണ്ടെന്നും ഹോട്ടലിലെത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാനാണെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി.
വേദാന്ത ഹോട്ടലിൽ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാൻ വേണ്ടിയാണ് എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ മൊഴി. സ്വന്തം കാശ് മുടുക്കിയാണ് മുറിയെടുത്തത്. യുവതി ഹോട്ടലിൽ മറ്റൊരു മുറിയെടുത്തിരുന്നു. തങ്ങൾ സ്ഥിരമായി ഫോണിൽ സംസാരിച്ചിരുന്നവരാണ്. നേരിൽ കാണാനാണ് ഹോട്ടലിലേക്ക് വന്നതെന്നും ഷൈൻ ടോം ചാക്കോ പറയുന്നു. ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്നും ഷൈന്‍ പൊലീസിനോട് സമ്മതിച്ചു. ലഹരി മരുന്നിന് ഗൂഗിൾ പേ വഴി പേയ്മെന്‍റ് നൽകിയിട്ടുണ്ട്. ആർക്കൊക്കെ എപ്പോഴെന്ന് ഓർമയില്ലെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് സമ്മതിച്ചു.
ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടിയത് ഭയന്നിട്ട് തന്നെയാണെന്നും ഷൈന്‍ പറയുന്നു. തന്റെ പിതാവുമായി സാമ്പത്തിക തർക്കമുള്ളവർ മർദിക്കാൻ വരുന്നുവെന്ന് കരുതിയാണ് ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതെന്നാണ് ഷൈന്‍ പൊലീസിന് നല്‍കിയ മൊഴി. പിതാവ് ഒരു സിനിമ നിർമ്മിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് സാമ്പത്തിക തർക്കം ഉണ്ടായിരുന്നു. സിനിമയുടെ ലാഭവിഹിതത്തെച്ചൊല്ലിയായിരുന്നു തർക്കമായിരുന്നു. അതുമായി ബന്ധപ്പെട്ടവർ തന്നെ മർദിക്കാൻ വന്നതെന്നാണ് കരുതിയത്. ഹോട്ടൽ റിസപ്ഷനിൽ വിളിച്ച് ചോദിച്ചപ്പോഴും അവർ ഒളിച്ചുകളിച്ചു. ഇതോടെയാണ് സംശയം കൂടിയതെന്നും അത് കൊണ്ടാണ് ഓടി രക്ഷപെട്ടതെന്നുമാണ് ഷൈനിന്‍റെ മൊഴി.മെത്താംഫിറ്റമിനാണ് ഉപയോഗിക്കുന്നതെന്നാണ് ലഹരി ഉപയോഗത്തെപ്പറ്റി ഷൈൻ ടോം ചാക്കോ പറഞ്ഞത്. ഇത് മൂക്കിൽ വലിച്ച് കയറ്റുകയാണ് ചെയ്യാറുള്ളത്. കഞ്ചാവ് ഇടയ്ക്ക് ഉപയോഗിക്കും.
കഞ്ചാവ് ആരെങ്കിലും കൊണ്ട് തന്നാൽ സെറ്റിൽ വെച്ച് വലിക്കുമെന്നും ഷൈന്‍ പൊലീസിനോട് സമ്മതിച്ചു. നടി വിൻസിഅലോഷ്യസിനോട് തമാശ രൂപത്തിൽ പലതും പറഞ്ഞതല്ലാതെ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു. സിനിമാ സെറ്റുകളിൽ ഇന്‍റേണൽ കമ്മിറ്റി ഉളളതായി കേട്ടിട്ടുണ്ട്. അല്ലാതെ അവർ ആരൊക്കെയെന്ന് തനിക്കറിയില്ല, അങ്ങനെയാരെയും ഇതുവരെ സെറ്റിൽ കണ്ടിട്ടുമില്ലെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി.