ചെന്നൈ: ഒടുവിൽ ആരാധകരുടെ ആഗ്രഹം സഫലമാകുന്നു. എം.എസ്. ധോണി ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ക്യാപ്റ്റനാകും. നിലവിലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിന്റെ പരുക്കു ഗുരുതരമായ സാഹചര്യത്തിലാണ് ധോണി വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയാണ് ഋതുരാജിന് കൈമുട്ടിനു പരുക്കേറ്റത്. താരത്തിന് ഈ സീസണിൽ ഇനി ഒരു മത്സരത്തിലും കളിക്കാൻ സാധിക്കില്ല. ഐപിഎലില്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ ധോണിക്കെതിരെ വിമർശനമുയരുന്നതിടെയാണു ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള താരത്തിന്റെ തിരിച്ചുവരവ്.
2022 ൽ രവീന്ദ്ര ജഡേജ ക്യാപ്റ്റനായിരുന്ന സീസണിൽ പരുക്കേറ്റു പുറത്തായപ്പോഴും ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനം ധോണി ഏറ്റെടുത്തിരുന്നു. 43–ാം വയസ്സിലാണു ധോണി വീണ്ടും ചെന്നൈയുടെ ക്യാപ്റ്റനാകുന്നത്. വെള്ളിയാഴ്ച ചെപ്പോക്ക് സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.
സീസണിൽ ഇതുവരെ അഞ്ചു മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈ സൂപ്പർ കിങ്സിന് ഒരു വിജയം മാത്രമാണു സ്വന്തമാക്കാൻ സാധിച്ചത്. നാലു കളികൾ തോറ്റ ടീം രണ്ടു പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്‍പതാം സ്ഥാനത്താണ്. വിക്കറ്റിനു പിന്നിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന ധോണി, ബാറ്റിങ്ങിൽ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. 0,30,16, 30, 27 എന്നിങ്ങനെയാണ് അഞ്ചു മത്സരങ്ങളിൽ ധോണിയുടെ സ്കോറുകൾ.