കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിനെ സസ്പെൻഡ് ചെയ്ത് പാർട്ടി. സെൻസർ ബോർഡ് അംഗീകാരം കിട്ടിയിട്ടുണ്ട്, പിന്നെന്താണ് പ്രശ്നമെന്ന് ചോദിച്ചാണു ജസ്റ്റിസ് സി.എസ്. ഡയസ് സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം തള്ളിയത്. ബിജെപി തൃശൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി വി വിജേഷ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിശദമായ വാദത്തിനു ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്ര വാർത്താ–വിതരണ മന്ത്രാലയത്തിന് നോട്ടിസ് അയയ്ക്കാനും നിർദേശം നൽകി.
എമ്പുരാനുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചപ്പോൾ തന്നെ സിനിമ കണ്ടിരുന്നോയെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു. കണ്ടിരുന്നു എന്ന് മറുപടി പറഞ്ഞപ്പോൾ എന്താണ് സിനിമയ്ക്ക് പ്രശ്നമെന്നായി കോടതി. തുടർന്നാണ് ഹർജിയിലെ കാര്യങ്ങൾ ഹർജിക്കാരൻ ആവർത്തിച്ചത്. എന്നാൽ രാജ്യത്തെ സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമയല്ലേ ഇതെന്നായിരുന്നു കോടതിയുടെ ചോദ്യം. സിനിമയ്ക്കെതിരെ എവിടെയും കേസുകൾ പോലുമില്ല. ഈ സാഹചര്യത്തിൽ സിനിമയുടെ പ്രദർശനം തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്ന് പ്രശസ്തിക്കു വേണ്ടിയാണോ ഹർജിക്കാരൻ കോടതിയെ സമീപിച്ചതെന്നു സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.
കൂടാതെ ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിനും സെൻസർ ബോർഡിനും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. ഹർജിയിൽ പിന്നീട് വിശദമായ വാദം കേൾക്കും. എമ്പുരാൻ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും കലാപം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഹർജിയിലെ ആരോപണം. ചിത്രം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തേയും ദേശീയ അന്വേഷണ ഏജൻസികളെയും മോശമായി ചിത്രീകരിക്കുന്നു, പൃഥ്വിരാജ് തന്റെ ചിത്രങ്ങളിലൂടെ നിരന്തരമായി എൻഡിഎ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു, ഇഡിയുടെ അന്വേഷണം നേരിടുന്ന നിർമാതാക്കൾ കേന്ദ്ര അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയെയും സത്യസന്ധതയെയും സിനിമയിൽ ചോദ്യം ചെയ്തിരിക്കുന്നു,
മാത്രമല്ല ചിത്രത്തിന്റെ റിലീസിങ്ങിനു ശേഷം എതിർപ്പുകൾ ഉയർന്നതോടെ മോഹൻലാൽ സമൂഹ മാധ്യമത്തിൽ മാപ്പപേക്ഷിച്ചത് മാർക്കറ്റിങ് തന്ത്രമാണ് തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ പറഞ്ഞിരുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് കലാപത്തിന് ആരെങ്കിലും ആസൂത്രണം നടത്തിയിരുന്നോ എന്ന കാര്യത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന ഡിജിപിക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഹർജി നൽകിയ വിജേഷിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ബിജെപി സസ്പെൻഡ് ചെയ്തു. പാർട്ടി അച്ചടക്കം ലംഘിച്ചെന്നു കാട്ടിയാണ് നടപടി. വിജേഷ് ഹർജി നൽകിയത് ബിജെപിയുടെ അറിവോടെയല്ലെന്നും സ്വന്തം നിലയ്ക്കാണെന്നും പാർട്ടി ജില്ലാ നേതൃത്വം വ്യക്തമാക്കി. ഇത്തരമൊരു ഹർജി നൽകാൻ ബിജെപി നേതൃത്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പാർട്ടി നയത്തിന് വിധേയമായി പ്രവർത്തിക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
മയക്കുമരുന്ന് മാഫിയകൾ ലക്ഷ്യം വയ്ക്കുന്നത് കുട്ടികളെ, സംസ്ഥാനത്ത് കുട്ടി കാരിയർമാരുടെ എണ്ണം വർധിക്കുന്നു, രണ്ട് മാസത്തിനിടെ 36 കേസുകൾ