ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദ് ഈ സീസണിൽ തന്നെ 300 റൺസെന്ന റെക്കോർഡ് സ്കോറിലെത്തുമെന്നു പ്രവചിച്ച് ദക്ഷിണാഫ്രിക്കയുടെ മുൻ ക്രിക്കറ്റ് താരം ഡെയ്ൽ സ്റ്റെയ്ൻ. അതിനു അധികം കാത്തിരിക്കേണ്ടി വരില്ല ആരാധകർക്ക്. ഏപ്രിൽ 17ന് വാങ്കഡെ സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് 300 റൺസെന്ന സ്കോറിലെത്തുമെന്നാണു സ്റ്റെയ്ന്റെ പ്രവചനം. 17ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ഹൈദരാബാദിന്റെ പോരാട്ടം. ഈ മത്സരം കാണാൻ ഗാലറിയിലുണ്ടാകുമെന്നും 300 എന്ന സംഖ്യയിലേക്ക് അന്ന് ഹൈദരാബാദ് എത്തുമെന്നും സ്റ്റെയ്ൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ഐപിഎല്ലിൽ വെടിക്കെട്ട് ബാറ്റിങ്ങിനു പേരുകേട്ട ടീമാണ് സൺറൈസേഴ്സ്. 18-ാം സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗംഭീര വിജയമാണു നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ അടിച്ചത് 286 റൺസ്. ഹൈദരാബാദ് ജഴ്സിയിൽ ആദ്യ മത്സരം കളിക്കുന്ന ഇഷാൻ കിഷൻ 47 പന്തിൽ 106 റൺസെടുത്തു പുറത്താകാതെനിന്നു. ഐപിഎൽ കരിയറിൽ താരത്തിന്റെ ആദ്യ സെഞ്ചിറിയാണ് അത്. മറുപടി ബാറ്റിങ്ങിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 242 റൺസെടുക്കാൻ മാത്രമാണ് രാജസ്ഥാൻ റോയൽസിനു സാധിച്ചത്. ഹൈദരാബാദിന് 44 റൺസ് വിജയം.
അതേസമയം ഐപിഎല്ലിലെ ഉയർന്ന ഇന്നിങ്സ് സ്കോറുകളിൽ ആദ്യ മൂന്നും സൺറൈസേഴ്സിന്റെ പേരിലാണ്. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തതാണ് ഹൈദരാബാദിന്റെ ടോപ് സ്കോർ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ കഴിഞ്ഞ വർഷമായിരുന്നു ആർസിബിക്കെതിരായ ഹൈദരാബാദിന്റെ ബാറ്റിങ് വെടിക്കെട്ട്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെ ഹൈദരാബാദ് 277 റൺസടിച്ചിട്ടുണ്ട്. 300 റൺസെന്ന റെക്കോർഡ് സ്കോറാണു ടീമിന്റെ ലക്ഷ്യമെന്ന് സൺറൈസേഴ്സ് ഓപ്പണർ ട്രാവിസ് ഹെഡും നേരത്തേ പ്രതികരിച്ചിരുന്നു.
Small prediction.
April 17 we’ll see the first 300 in IPL.Who knows, I might even be there to see it happen.
— Dale Steyn (@DaleSteyn62) March 23, 2025