തിരുവനന്തപുരം: കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിൽ ലഹരി പാർട്ടി നടത്തി പിതാവ്. സംഭവത്തിൽ കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസിന്റെ പിടിയിലായി.
തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരൺ, കണ്ണമ്മൂല സ്വദേശി ടെർബിൻ എന്നിവരാണ് പിടിയിലായത്. പിടിയിലായ പേയാട് സ്വദേശി കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടിയാണ് നടത്തിയത്. ഇവരുടെ പക്കൽനിന്ന് 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും കണ്ടെടുത്തു.
തിരുവനന്തപുരം സ്വദേശികൾ പത്തനാപുരത്തെത്തി ലഹരി പാർട്ടി നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു എക്സൈസ് പരിശോധന. ഇവർക്ക് രാസലഹരി നൽകിയ തിരുവനന്തപുരത്തുള്ള സംഘത്തിനായി അന്വേഷണം ആരംഭിച്ചു.