ന്യൂഡൽഹി: സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. വിവാദ പരാമർശങ്ങളിൽ സുപ്രീംകോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ജസ്റ്റിസുമാരായ ബി ആർ ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബഞ്ചാണ് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചത്. ഹൈക്കോടതിയുടെ ഇത്തരം പരാമർശങ്ങൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും നടത്തിയത് മനുഷ്യത്വ രഹിത പ്രസ്താവനയാണെന്നും ബഞ്ച് വ്യക്തമാക്കി.
മുതിർന്ന അഭിഭാഷക ശോഭാ ഗുപ്‌ത ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും അവളെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ല എന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. ഇങ്ങനെ ചെയ്തവർക്കുമേൽ ബലാത്സംഗ കുറ്റങ്ങൾ ചുമത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ബലാത്സംഗ ശ്രമവും ബലാത്സംഗത്തിനുള്ള തയാറെടുപ്പും വ്യത്യസ്തമാണെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ നേരിടാനുള്ള കീഴ്ക്കോടതി ഉത്തരവിനെതിരെ രണ്ട് പ്രതികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ സിംഗിൾ ബഞ്ചിന്റേതായിരുന്നു വിവാദ നിരീക്ഷണം. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിധി തെറ്റാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂർണ ദേവിയും അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെ സുപ്രിം കോടതി സ്വമേധയ കേസ് പരിഗണിച്ചത്.