മുംബൈ: നാഗ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്ന ഫഹിം ഷമീം ഖാന്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രാജ്യദ്രോഹം, സമൂഹമാധ്യമങ്ങളില്‍ കൂടി വിദ്വേഷം പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ നാല് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തിങ്കളാഴ്ച ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാണ് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. പ്രതിഷേധക്കാര്‍ ഖുറാന്‍ വാക്യങ്ങളെഴുതിയ പച്ചത്തുണിയില്‍ പൊതിഞ്ഞ് ഔറംഗസേബിന്റെ കോലം കത്തിച്ചതോടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കലാപത്തിനു പിന്നാലെ മുസ്ലിം ആധിപത്യപ്രദേശങ്ങളില്‍ പൊലീസ് അനധികൃത റെയ്ഡ് നടത്തുകയും മുസ്ലിം യുവാക്കളെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ മൈനോറിട്ടീസ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) നേതാവും മുഖ്യപ്രതിയുമായ ഫഹിം ഷമിം ഖാന്‍ പ്രതിഷേധ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ വാദം. അതേസമയം എംഡിപി ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തുവന്നു. സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് തന്നെ മതഗ്രന്ഥത്തോട് മോശമായി പെരുമാറിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ഖാനെ പൊലീസ് നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് എംഡിപി നേതാവ് അലിം പട്ടേല്‍ ആരോപിച്ചു. പൊലീസ് ചൊവ്വാഴ്ച സമര്‍പ്പിച്ച എഫ്‌ഐആറില്‍ 52 മുസ്ലിം വിഭാഗക്കാരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. അതേസമയം ഭരണകൂടം മുസ്ലിങ്ങളെ ലക്ഷ്യവച്ച് ആക്രമിക്കുകയാണെന്ന ആരോപണം ശക്തമാണ്. മതവികാരം വ്രണപ്പെടുത്തിയതിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും എട്ട് വിഎച്ച്പി, ബജ്രംഗ്ദള്‍ അംഗങ്ങളെ വെറുതെവിട്ട പൊലീസ് നടപടി ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. സംബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ പ്യാരെ ഖാന്‍ ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. നിരപരാധികളെ വിട്ടയക്കണമെന്നും റമദാന്‍ മാസമായതിനാല്‍ പ്രദേശത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യുവില്‍ ഇളവ് വരുത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.