കോട്ടയം: അയ്മനം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ സ്ത്രീയുടെ അതിക്രമം.ഇന്നലെ രാവിലെയായിരുന്നു സംഭവം. അയ്മനം മുട്ടേൽ കോളനി ശ്യാമളയാണ് അതിക്രമം നടത്തിയത്. ഇവർ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ക്യാബിൻ ചില്ലുകൾ അടിച്ചുപൊട്ടിച്ചു. ശുചീകരണ തൊഴിലാളിയായ സ്ത്രീ മുറികൾ വൃത്തിയാക്കാൻ അകത്തുകയറിയ നേരത്ത് ആരുടെയും ശ്രദ്ധയിൽപ്പെടാതെയാണ് ശ്യാമള പഞ്ചായത്ത് ഓഫീസിനകത്ത് കയറിയത്. സംഭവസമയത്ത് മറ്റ് ജീവനക്കാർ ഓഫീസിലില്ലായിരുന്നു.ആദ്യം സെക്രട്ടറിയുടെ ക്യാബിനാണ് അടിച്ചുതകർത്തത്. തുടർന്ന് പ്രസിഡന്റ് വിജി രാജേഷിന്റെയും വൈസ് പ്രസിഡന്റ് മനോജ് കരീമഠത്തിന്റെയും ക്യാബിൻ ചില്ല് തല്ലിപ്പൊട്ടിച്ച് മുൻപിലുള്ള റോഡിലേക്ക് ഓടിപ്പോയി. വെസ്റ്റ് പോലീസ് ശ്യാമളയെ അറസ്റ്റുചെയ്‌തു. സ്ഥിരമായി മഴക്കാലത്ത് വെള്ളംകയറുന്ന സ്ഥലത്താണ് ശ്യാമള താമസിക്കുന്നത്. വീട്ടിലേക്ക് ഓട്ടോ കയറുന്ന വഴിയേ ഉള്ളൂ. മണ്ണിട്ടുയർത്താൻ ലോറികയറുന്ന വഴിവേണം. പലവട്ടം പഞ്ചായത്തിൽ അറിയിച്ചിട്ടും നടപടിയാകാത്തതുകൊണ്ടാണ് ശ്യാമള അതിക്രമം നടത്തിയതെന്ന് പറയുന്നു. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് വൈസ് പ്രസിഡന്റ് മനോജ് കരീമഠം ആവശ്യപ്പെട്ടു.
അതേസമയം, ശ്യാമള പഞ്ചായത്തിൽ പരാതി നൽകിയിട്ടില്ലെന്ന് അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് പറഞ്ഞു. പേപ്പറിൽ പൊതിഞ്ഞ കമ്പിക്കഷണം പ്ലാസ്റ്റിക് സഞ്ചിയിൽ നിന്ന് പുറത്തെടുത്താണ് ആക്രമണം നടത്തിയതെന്നാണ് ദൃശ്യങ്ങളിൽ കണ്ടെത്തിയത്.