ന്യൂഡല്‍ഹി: ആറാഴ്ച നീണ്ട കുംഭമേള വന്‍ വിവാദങ്ങളോടെയാണ് അവസാനിച്ചതെങ്കിലും പാര്‍ലമെന്റില്‍ വന്‍ സമ്മേളനങ്ങള്‍ നടത്താനുള്ള ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്നതെന്നാണു നരേന്ദ്ര മോദി അവകാശപ്പെട്ടത്. കുംഭമേളയ്‌ക്കെത്തിയവരുടെയും മരിച്ചവരുടെയും കണക്കുകള്‍ പറഞ്ഞില്ലെങ്കിലും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മുപ്പതുപേരുടെ മരണവും അറുപതോളം പേരുടെ പരിക്കും ചൂണ്ടിക്കാട്ടി ശക്തമായി രംഗത്തുവന്നു. ഒപ്പം യുപി സര്‍ക്കാര്‍ മുന്നോട്ടുവച്ച കണക്കുകളും വന്‍ വിവാദമായി.
കഴിഞ്ഞ ഫെബ്രുവരി 26ന് ആണ് 144 വര്‍ഷത്തിനുശേഷം നടന്ന പൂര്‍ണ കുംഭമേള അവസാനിച്ചത്. 66 കോടി ആളുള്‍ എത്തിയെന്ന അവകാശവാദമാണ് കേന്ദ്ര- സംസ്ഥാന ബിജെപി സര്‍ക്കാരുകള്‍ അവകാശപ്പെട്ടത്. എന്നാല്‍, ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള കണക്കുകളാണ് അല്‍പം വൈകിയാണെങ്കിലും ചര്‍ച്ചയാകുന്നത്. ജനുവരി 13ന് കുംഭമേള ആരംഭിച്ചതിനുശേഷം 66 കോടി അല്ലെങ്കില്‍ 660 ദശലക്ഷം ആളുകള്‍ മേളയ്‌ക്കെത്തിയെന്നാണ് അവകാശപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ കൂട്ടംചേരലെന്നും വിദേശത്തുനിന്നടക്കം ‘അമൃത്’ കടഞ്ഞതിന്റെ ആഘോഷത്തില്‍ പങ്കെടുത്തെന്നും പറയുന്നു.
എന്നാല്‍, ഈ കണക്കുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണു വിവിധ റിസര്‍ച്ച് വിഭാഗങ്ങള്‍ രംഗത്തുവന്നത്. ഇതു പരിശോധിച്ചാല്‍ യുപിയിലെ ആദിത്യനാഥ് സര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ ചോദ്യം ചെയ്യപ്പെടുമെന്നു വ്യക്തം. 2025ലെ മേളയ്ക്കു വന്‍ പരസ്യങ്ങളടക്കം നല്‍കിയാണ് ആളുകളെ ആകര്‍ഷിച്ചത്. ഇതിന്റെ ഫലമായാണ് 66 കോടി ആളുകള്‍ എത്തിയതെന്നും സര്‍ക്കാരുകള്‍ പറയുന്നു. ഇതിനുമുമ്പ് 2013ല്‍ നടന്ന മഹാ കുംഭമേള (12 വര്‍ഷത്തിലൊരിക്കല്‍)യില്‍ 12 കോടി ആളുകള്‍ എത്തിയെന്നാണു പറയുന്നത്. പക്ഷേ, 45 ദിവസത്തിനിടെ എത്തിയെന്നു പറയുന്ന 66 കോടിയുടെ കണക്കില്‍ അല്‍പം അതിശയോക്തിയുണ്ട്.
എങ്ങനെയെത്തി?
അപ്പോള്‍ ഒരു ചോദ്യം ഉയരും. എങ്ങനെയാണ് ഇത്രയും ആളുകള്‍ ഇവിടെ എത്തിയത്? ഗവേഷകര്‍ ഇതിനു വിവിധ മാര്‍ഗങ്ങള്‍ അവലംബിച്ചിട്ടുണ്ട്.
1. വിമാനത്തില്‍ എത്തിയവര്‍: പ്രയാഗ് രാജ് വിമാനത്താവളത്തിലെ കണക്കുകള്‍ പ്രകാരം 5,60,174 (5.61 ലക്ഷം) ആളുകള്‍ എത്തിയെന്നാണു പറയുന്നത്. ജനുവരി 11 മുതല്‍ ഫെബ്രുവരി 26 വരെ 5225 വിമാന സര്‍വീസുകള്‍ ഇവിടേക്കുണ്ടായി.
2. ട്രെയിന്‍വഴി: ഫെബ്രുവരി 27ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് പ്രയാഗ്‌രാജിലെ റെയില്‍വേ സ്‌റ്റേഷനുകളിലൂടെ 4.24 കോടി ആളുകള്‍ എത്തി. 17,152 വിവിധ സര്‍വീസുകളുണ്ടായി. പ്രയാഗ്‌രാജിനു സമീപത്തുള്ള വിവിധ റെയില്‍വേ സ്‌റ്റേഷനുകള്‍വഴി നിരവധിയാളുകള്‍ കുംഭമേളയ്‌ക്കെത്തി എന്നതു വാസ്തവമാണ്. എന്നാല്‍, ഏതൊക്കെ സ്‌റ്റേഷനുകള്‍ എന്നതില്‍ അവ്യക്തതയുണ്ട്.
3. ബസ് വഴി: മറ്റു നഗരങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും എത്ര ബസുകള്‍ തീര്‍ഥാടകരുമായി എത്തിയെന്നതിനു കൃത്യമായ കണക്കുകള്‍ ഒരു സംസ്ഥാനവും പുറത്തുവിട്ടിട്ടില്ല. ഓരോ സംസ്ഥാനത്തെയും ബസ് സര്‍വീസ് നടത്തുന്നവര്‍ കണക്കുകള്‍ പുറത്തുവിട്ടാല്‍ ഇത് എളുപ്പമാണ്. എന്നാല്‍, കേന്ദ്ര- സംസ്ഥാന സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ വിവരം പുറത്തുവിട്ടിട്ടില്ല.
യുപി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ മാര്‍ച്ച് ആറിലെ കണക്കനുസരിച്ച് 3.25 കോടി ആളുകള്‍ കുംഭമേള സമയത്ത് ബസില്‍ കയറിയെന്നാണ്. എന്നാല്‍, ഇത് ഇരുവശത്തേക്കുമുള്ള ടിക്കറ്റ് ആണോ എന്നതില്‍ വ്യക്തതയില്ല. ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ കണക്കനുസരിച്ച് 5978 യാത്രക്കാര്‍ ജിഎസ്ആര്‍ടിസി ഉപയോഗിച്ചു. അതുപോലെ സ്വകാര്യ ബസുകളുടെ കണക്കുകളും പുറത്തുവന്നിട്ടില്ല. എന്നല്‍, മണികണ്‍ട്രോള്‍ എന്ന ബിസിനസ് സ്ഥാപനം ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ചു പുറത്തുവിട്ടത് അനുസരിച്ച് പ്രതിദിനം 6 ലക്ഷം ആളുകള്‍ സ്വകാര്യ ബസുകളില്‍ പ്രയാഗ്‌രാജില്‍ എത്തിയെന്നാണ്. 45 ദിവസത്തെ ശരാശരി കണക്ക് 2.7 കോടിയും.
4. സ്വകാര്യ കാറുകള്‍, ക്യാബുകള്‍: എത്രപേര്‍ കാറുകളിലെത്തിയെന്ന് അറിയണമെങ്കില്‍ ടോള്‍ കണക്കുകളോ ഹൈവേ കാമറകളോ പരിശോധിക്കണം. എന്നാല്‍, സര്‍ക്കാര്‍ ഈ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആകെ കണക്കു നോക്കിയാല്‍ ഇങ്ങനെ
വിമാനമാര്‍ഗം: 5.6 ലക്ഷം
ട്രെയിന്‍വഴി: 4.24 കോടി
യുപിഎസ്ആര്‍ടിസി ബസ്: 3.25 കോടി
ജിഎസ്ആര്‍ടിസി ബസ്: 5,798
സ്വകാര്യ ബസുകള്‍: 2.7 കോടി (ശരാശരി)
കാര്‍/കാബ്/ബൈക്ക്: വിവരങ്ങളില്ല
ആകെ കണക്ക്: 10.25 കോടിസര്ക്കാരുകള് അവകാശപ്പെടുന്നത്: 66 കോടി
10.25 കോടി കഴിഞ്ഞു ബാക്കി: 55.75 കോടി!
അതായത് 55.75 കോടി ആളുകള്‍ എത്തിയതിന് ഔദ്യോഗികമെന്നു പറയാവുന്ന ഒരു കണക്കുമില്ല. ആകെ എത്തിയതിന്റെ 85 ശതമാനം വരും ഇത്. ഓരോ സംസ്ഥാനത്തേക്കു കടക്കുന്നതിനും എന്‍ട്രി/ എക്‌സിറ്റ് പോയിന്റുകളുണ്ട്. ബസുകള്‍ക്കും ഇതു ബാധകമാണ്. ഇവിടെ ടോള്‍ബൂത്തും ക്യാമറകളുമുണ്ട്. അധികൃതര്‍ക്ക് എത്തിയവരുടെ വിവരം ശേഖരിക്കാന്‍ ബുദ്ധിമുട്ടില്ല എന്നര്‍ഥം. എന്നിട്ടും എന്തുകൊണ്ട് ഈ കണക്കുകള്‍ പുറത്തുവിടുന്നില്ല?
66 കോടിയില്‍ എത്ര പൂജ്യങ്ങള്‍!
660 ദശലക്ഷം (66 കോടി) ആളുകള്‍ എന്നത് അമേരിക്കയിലെ ആകെ ജനസംഖ്യയുടെ ഇരട്ടിയോളംവരും. ഇക്കാര്യം പ്രധാനമന്ത്രിയും പറഞ്ഞിട്ടുണ്ട്. നാലായിരം ഹെക്ടര്‍ (40 ചതുരശ്ര കിലോമീറ്റര്‍) സ്ഥലത്താണു കുംഭമേള. അമേരിക്കയുടെ വിസ്തൃതി 9.8 ദശലക്ഷം കിലോമീറ്ററും. ഇന്ത്യയുടെ ആകെ ജനസംഖ്യ 144 കോടിയാണ്. അല്ലെങ്കില്‍ 1.4 ബില്യണ്‍. 2011ലെ സെന്‍സസിനെ അപേക്ഷിച്ച് ഇത് ഉയര്‍ന്നിട്ടുണ്ടാകാം. അതു മാറ്റിവച്ചാല്‍തന്നെ സര്‍ക്കാര്‍ കണക്ക് അനുസരിച്ച് രണ്ടില്‍ ഒരാള്‍ കുംഭമേളയ്ക്ക് എത്തിയെന്നാണ് 66 കോടിയുടെ കണക്കു ചൂണ്ടിക്കാട്ടുന്നത്!

രണ്ടില്‍ ഒരാള്‍ കുംഭമേളയ്‌ക്കെത്തിയോ?
പ്യൂ റിസര്‍ച്ച് സെന്ററിന്റെ കണക്ക് അനുസരിച്ച് ആകെ ജനസംഖ്യയുടെ 79 ശതമാനം (110 കോടി) ഹിന്ദുക്കളുണ്ട് ഇന്ത്യയില്‍. അതായത് ഒരു കുടുംബത്തില്‍ അഞ്ചുപേരുണ്ടെങ്കില്‍ അതില്‍ മൂന്നുപേരും കുംഭമേളയ്ക്ക് എത്തിയിട്ടുണ്ടാകണം!
2011ലെ സെന്‍സസ് അനുസരിച്ച് ഉത്തര്‍ പ്രദേശ് ആണ് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം- 19.98 കോടി. മഹാരാഷ്ട്ര- 11.24, ബിഹാര്‍- 10.41 കോടി, പശ്ചിമബംഗാള്‍- 9.13 കോടി, മധ്യപ്രദേശ്- 7.27 കോടി. അഞ്ചു സംസ്ഥാനങ്ങളുംകൂടി ആകെ 58 കോടി ആളുകള്‍. 45 ദിവസത്തിനുള്ളില്‍ കുംഭമേളയ്ക്കായി യുപിയിലെ ഒരു നഗരത്തില്‍ ഇന്ത്യയിലെ ഏറ്റവുംകൂടുതല്‍ ജനസംഖ്യയുള്ള ഈ സംസ്ഥാനങ്ങളിലെ ആകെ ആളുകളെക്കാള്‍ കൂടുതല്‍ എത്തിയെന്ന്!
വേറൊരു താരതമ്യംകൂടി: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചേരി മുംബൈയിലെ ധാരാവിയാണ്. പത്തുലക്ഷം ആളുകളാണ് ഇവിടുള്ളത്. ധാരാവിയിലെ ജനസംഖ്യയുടെ 660 ഇരട്ടി ആളുകള്‍ കുംഭമേളയ്ക്ക് എത്തിയെന്നു സാരം.
അപ്പോള്‍ പിന്നെ എങ്ങനെയാണ് ഈ 66 കോടിയുടെ കണക്ക് സര്‍ക്കാരിനു കിട്ടി? സര്‍ക്കാരിന്റെ പത്രക്കുറിപ്പിലൊന്നും 66 കോടി ആളുകള്‍ എത്തിയെന്നു പറയുന്നില്ല. ഒരാള്‍ ഒന്നിലേറെ തവണ കുംഭമേള നടക്കുന്ന സ്ഥലത്ത് എത്തിയോ എന്നതിനും രേഖയില്ല. യുപിയില്‍ എത്തിയ ഒരാള്‍ 45 ദിവസവും കുംഭമേള നടക്കുന്ന സ്ഥലത്ത് എത്തിയാല്‍ അതിനെ 45 സന്ദര്‍ശനമായിട്ടാണു കണക്കാക്കുക. ഒരാള്‍ ഒരു ദിവസം പത്തുവട്ടം മേളയ്‌ക്കെത്തിയാല്‍ പത്ത് എന്‍ട്രിയായിട്ടും കണക്കാക്കാം. ഇങ്ങനെ അയാള്‍ എത്രവട്ടം ഈ 45 ദിവസത്തിനിടെ എത്തിയിട്ടുണ്ടാകാം? തൃശൂര്‍ പൂരത്തിന് നഗരത്തില്‍ എത്തിയയാള്‍ ഇടയ്ക്കിടെ മുറിയെടുത്ത ഹോട്ടലില്‍ പോയി തിരിച്ചെത്തിയതു കണക്കാക്കാന്‍ കഴിയുമോ? അതിനേക്കാള്‍ ബുദ്ധിമുട്ടാകും കുംഭമേളയുടെ കണക്ക്.
പത്രക്കുറിപ്പ് അനുസരിച്ച് 45 ദിവസംകൊണ്ട് 45 കോടി ആളുകളെങ്കിലും എത്തിയെന്നും അവസാന ദിവസം ഇത് 66 കോടിക്കു മുകളിലെത്തിയെന്നുമാണു പറയുന്നത്. എന്നാല്‍, ഈ കണക്ക് എങ്ങനെ ികിട്ടിയെന്നു മാത്രം ചോദിക്കരുത്. കുംഭമേളയ്ക്കു പോയവരൊന്നും ഒരു പ്രത്യേക ഗേറ്റിലൂടെ കടന്ന് മറ്റൊരു ഗേറ്റിലൂടെ പുറത്തു കടന്നവരല്ല.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന കാമറകളും ഡ്രോണുകളും ഉപയോഗിച്ചു കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ ഇരുന്ന് അമിതമായ തിരക്കിനെക്കുറിച്ചും തീപിടിത്തം പോലുള്ള അപകടങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കിയെന്നു സര്‍ക്കാര്‍ പറയുന്നു. 1700 കാമറകളാണ് ഇതിനുപയോഗിച്ചത്. ഇതില്‍ തത്സമയ ആള്‍ക്കൂട്ട കണക്കെടുക്കാന്‍ 500 എഐ കാമറകള്‍ ഉപയോഗിച്ചു. എന്നാല്‍, കമാന്‍ഡ് സെന്ററിന്റെ ചുമതലയുണ്ടായിരുന്ന അമിത് കുമാര്‍ ഐപിഎസ് പറയുന്നത്, നൂതന കാമറകളല്ലാത്തതിനാല്‍ ഒരാള്‍ ഒന്നിലേറെ തവണ കാമറയില്‍ പതിഞ്ഞാലും വ്യത്യാസം തിരിച്ചറിയുക ബുദ്ധിമുട്ടാണ് എന്നാണ്. ഈ ഇരട്ടിപ്പുകള്‍ ഒഴിവാക്കിയാണോ സര്‍ക്കാര്‍ കണക്കു പുറത്തുവിട്ടത് എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രൗഡ് ട്രാക്കിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്ന എഐ ഡവലപ്പര്‍ റിജുല്‍ സിംഗിന്റെ വാക്കുകള്‍ കടമെടുത്താല്‍, ഓരോ ആളുടെയും മുഖം തിരിച്ചറിയുകയാണ് എത്രപേര്‍ എത്തിയെന്നു മനസിലാക്കാനുള്ള എളുപ്പവഴി. ഇതു ചെറിയ ആള്‍ക്കൂട്ടത്തില്‍ ഉപകാരപ്പെടുമെങ്കിലും വന്‍തോതിലുള്ള ജനക്കൂട്ടത്തില്‍ പ്രായോഗികമല്ല. മുഖം കാമറയില്‍ കൃത്യമായി പതിഞ്ഞില്ലെങ്കില്‍ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. കുംഭമേള പോലുള്ള സ്ഥലത്ത് കാമറകളുടെ പ്രവര്‍ത്തനം പരിമിതമാണ്. ചിലരുടെ കൈകളോ ശരീരത്തിന്റെ ഭാഗങ്ങളോ മാത്രമാകും കാമറയ്ക്കു കാണാനാകുക. കൃത്യമായ ഫ്രെയിമിനുള്ളിള്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ ഇത്തരം സംവിധാനങ്ങള്‍ അമ്പേ പരാജയപ്പെടും. ഒരു സ്ഥലത്തെത്തുന്ന ആള്‍ക്കൂട്ടത്തെ മാറ്റിയശേഷമാണ് അടുത്ത ഘട്ടം ആള്‍ക്കൂട്ടത്തെ സ്ഥലത്ത് എത്തിക്കുന്നത് എങ്കില്‍ ഏറെക്കുറെ കൃത്യമായ എണ്ണം സാധ്യമാണ്. അപ്പോഴും ഒാരോ ആളുകളെയും കണ്ടെത്തി കൂട്ടിക്കിഴിക്കല്‍ നടക്കില്ല. കൃത്യമായ എന്‍ട്രി/ എക്‌സിറ്റ് പോയിന്റുകള്‍ ഇല്ലാത്തതും കാമറയുടെ കണക്കുകള്‍ തെറ്റിക്കുന്നു.
മേളയ്‌ക്കെത്തുന്നവര്‍ ഏറെക്കുറെ ഒരേ ശരീരപ്രകൃതിയും വേഷവിധാനങ്ങളും ഉള്ളവരാണ്. ഒരോരുത്തരെയായി തിരിച്ചറിയുന്നത് അപ്പോഴും കാമറയ്ക്കു ബുദ്ധിമുട്ടാണ്. നിശ്ചിത കോണുകളില്‍ മാത്രം കാമറ സ്ഥാപിച്ചതിനാല്‍ ദൃശ്യങ്ങള്‍ സൂം ചെയ്താലും അതിനു മിഴിവുണ്ടാകില്ല. അപ്പോള്‍ മാര്‍ജിന്‍ എറര്‍ ഉണ്ടാകും. ഏറെ ഉയരത്തിലാണു കാമറകള്‍ സ്ഥാപിക്കുന്നതെങ്കില്‍ തിരിച്ചറിയുക ഏറെക്കുറെ അസാധ്യമാണെന്നും സിംഗ് പറയുന്നു. ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കണക്കുകളും അപ്പോള്‍ തഥൈവ!
എഐ കാമറയില്‍ പതിയാത്ത മരണങ്ങള്‍
ഇതുതന്നെയാണ് മേളയ്ക്കിടെയുള്ള തിക്കിലും തിരക്കിലും മരിച്ചവരുകെ കഥയിലുമുള്ളത്. പ്രയാഗ് രാജിലും ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുമായി നിരവധിപ്പേരാണ് മരിച്ചത്. ജനുവരി 28, 29 ദിവസങ്ങളിലെ അമാവാസിക്ക് വെളുപ്പിനു രണ്ടുമണിക്കാണ് തിക്കുംതിരക്കുമുണ്ടായത്. എഐ നിരീക്ഷണം ഉണ്ടായിട്ടും ആദ്യ മണിക്കൂറുകളില്‍ എന്തു സംഭവിച്ചെന്ന് ആര്‍ക്കും ഒരു പിടിയും കിട്ടിയില്ല. അപകടമുണ്ടായി നാലു മണിക്കൂര്‍ കഴിഞ്ഞപ്പോഴും ഇങ്ങനെയൊരു സംഭവമുണ്ടായെന്ന് യോഗി ആദിത്യനാഥ് സമ്മതിച്ചില്ല. പുലര്‍ച്ചെ അഞ്ചിനാണ് തിക്കിനും തിരക്കിനും സമാനമായ സാഹചര്യമുണ്ടായെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ പറഞ്ഞത്. മുഖ്യമന്ത്രി രാവിലെ എട്ടിനു നടത്തിയ ട്വിറ്റര്‍ (എക്‌സ്) പോസ്റ്റിലും ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് അറിയിച്ചത്.
പക്ഷേ, രാവിലെ 11.47ന് വ്യസനം അറിയിച്ച് പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റിട്ടു! അതുംകഴിഞ്ഞ് 12.05ന് കുംഭമേളയുടെ എസ്എസ്പി രാജേഷ് ദ്വിവേദി മാധ്യമങ്ങളോടു പറഞ്ഞത് മരണമൊന്നും ഉണ്ടായില്ലെന്നാണ്. ചില ആളുകള്‍ക്കു പരിക്കേറ്റെന്നാണ് അദ്ദേഹം വാദിച്ചത്. പക്ഷേ, 12.23 ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തെ എക്‌സിലൂടെ ദുഖം അറിയിച്ചു!
17 മണിക്കൂറിനുശേഷം വൈകിട്ട് 6.39 ന് ആണു മഹാകുംഭ് ഡിഐജി വൈഭവ് കൃഷ്ണ 30 പേര്‍ മരിച്ചെന്നും 60 പേര്‍ക്കു പരിക്കേറ്റെന്നും അറിയിച്ചത്. ജനുവരി 29ന് ഉച്ചയ്ക്കു ബിഹാറില്‍നിന്നുള്ളയാള്‍ തന്റെ അമ്മായി അമ്മ മരിച്ചെന്നും 15,000 രൂപ സഹായം ലഭിച്ചെന്നും ബിബിസിയോടു വെളിപ്പെടുത്തി. ഇതു സര്‍ക്കാര്‍ പ്രഖ്യാപിച്ച പണത്തിന്റെ തുച്ഛമായ വിഹിതമാണ്. എങ്കിലും മരണം നടന്നു എന്നത് ഉച്ചയോടെ സര്‍ക്കാരിന് അറിയാമായിരുന്നു എന്നതു വ്യക്തമാക്കുന്നു.
ഇതിനു പുറമേ, രണ്ടിടത്തുകൂടി ദുരന്തമുണ്ടായി. ജുസി, ജിടി റോഡിനു സമീപത്തുള്ള സെക്ടര്‍-10ലും ആണ് ഉണ്ടായത്. ജുസിയില്‍ ഏഴുപേര്‍ മരിച്ചെന്നാണു സര്‍ക്കാര്‍ പറഞ്ഞതെങ്കിലും ‘ദൈനിക് ഭാസ്‌കര്‍- എന്ന പത്രത്തിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ട് അനുസരിച്ച് 24 പേര്‍ മരിച്ചെന്നാണ്. ഇവിടെയെത്തിയ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറഞ്ഞത് 100 പേര്‍ എങ്കിലും മരിച്ചെന്നാണ്.
ഫെബ്രുവരി 15ന് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലാണ് മറ്റൊരു ആള്‍ക്കുട്ട മരണമുണ്ടായത്. ആദ്യം അധികൃതര്‍ പറഞ്ഞത് ഒന്നും സംഭവിച്ചില്ലെന്നാണ്. പക്ഷേ, വീഡിയോകള്‍ പുറത്തുവന്നതോടെ സര്‍ക്കാരിനു സമ്മതിക്കേണ്ടിവന്നു. ഇതേക്കുറിച്ചു ദി ഹിന്ദു പത്രവും വിശദമായി റിപ്പോര്‍ട്ട് നല്‍കി. 18 പേര്‍ മരിച്ചെന്നു ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 21ന് സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനോട് ഡല്‍ഹി സ്റ്റാംപേഡുമായി ബന്ധപ്പെട്ട എല്ലാ വീഡിയോയും നീക്കാനും ആവശ്യപ്പെട്ടു!
എല്ലായിടത്തുമായി ആകെ 79 പേരെങ്കിലും മരിച്ചെന്നാണു പോലീസ് റെക്കോഡുകള്‍ പരിശോധിച്ച് ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് ചെയ്തത്. സമയത്തു പോസ്റ്റ്‌മോര്‍ട്ടം നടത്താത്തതിനാല്‍ പല മരണങ്ങളും സാധാരണ മരണങ്ങളായാണ് രജിസ്റ്റര്‍ ചെയ്തതും. ആളുകളുടെ എണ്ണത്തിലായാലും മരണത്തിലായാലും സര്‍ക്കാരിന്റെ കണക്കുകള്‍ പല സമയത്തും പലതാണെന്നു വ്യക്തം.