മുംബൈ: ചെലവ് ചുരുക്കി വരുമാനമുണ്ടാക്കാനുള്ള ഇ-കൊമേഴ്സ് ഭീമൻ ആമസോണിന്റെ തന്ത്രം തുടരുന്നു. ആമസോൺ ഈ വർഷം ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിടുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2025-ൽ നിശ്ചയിച്ചിരിക്കുന്ന പ്രകാരം ആമസോൺ 14,000 ജീവനക്കാരെ പിരിച്ചുവിടും. ഇതിലൂടെ തൊഴിലാളികളുടെ എണ്ണം ഏകദേശം 13% കുറയ്ക്കുകയും ചെയ്യും.
ഫിനാൻഷ്യൽ എക്സ്പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച്, 2025 ന്റെ തുടക്കത്തിൽ ആമസോൺ തൊഴിൽ വെട്ടിക്കുറവ് പ്രഖ്യാപിക്കുമെന്നും ഇത് കമ്പനിക്ക് പ്രതിവർഷം 2.1 മുതൽ 3.6 ബില്യൺ ഡോളർ വരെ ലാഭിക്കാൻ സഹായിക്കുമെന്നും പറയുന്നു. ആമസോണിന്റെ വരാനിരിക്കുന്ന പിരിച്ചുവിടൽ റൗണ്ട് ആഗോള തൊഴിലാളികളെ ബാധിക്കുകയും മൊത്തം ജീവനക്കാരുടെ എണ്ണം 1,05,770 ൽ നിന്ന് 91,936 ആയി കുറയ്ക്കുകയും ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആമസോൺ സിഇഒ ആൻഡി ജാസിയാണ് ഇ-കൊമേഴ്‌സ് ഭീമന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ പറ്റുന്നതും അതുപോലെ ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ തീരുമാനമെടുക്കൽ ലളിതമാക്കുന്നതിനുമുള്ള പദ്ധതി പ്രഖ്യാപിച്ചത്.
ഇതിലൂടെ 2025 ലെ ആദ്യ പാദത്തിൽ മാനേജർമാരിലേക്കുള്ള വ്യക്തിഗത സംഭാവനകളുടെ എണ്ണം 15% വർദ്ധിപ്പിക്കാനുള്ള പദ്ധതികളും ആൻഡി ജാസി പങ്കുവച്ചതായി റിപ്പോർട്ട് പറയുന്നു. ആമസോണിന്റെ പിരിച്ചുവിടലുകൾ കമ്പനിയിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും മറ്റു പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സഹായിക്കുമെന്ന് ആമസോണിന്റെ സിഇഒ പറഞ്ഞു.
2019 ൽ മാത്രം, ഇ- കൊമേഴ്‌സ് ഭീമന് 7,98,000 ജീവനക്കാരെ ലഭിച്ചു. 2021 അവസാനത്തോടെ അത് 1.6 ദശലക്ഷമായി ഉയർന്നു. എന്നാൽ പിന്നീട്, ആമസോൺ പിരിച്ചുവിടലുകൾ ആരംഭിക്കുകയായിരുന്നു. 2022 നും 2023 നും ഇടയിൽ, കമ്പനി വെട്ടിക്കുറച്ചത് 27,000 ജീവനക്കാരെയാണ്. ഈ വർഷത്തെ തൊഴിൽ വെട്ടിക്കുറവ് സംബന്ധിച്ച പ്രഖ്യാപനം കമ്പനി ഉടൻ നടത്തുമെന്നാണ് അറിയുന്നത്.
അതേസമയം ആമസോണിന്റെ ജോലി വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഏകദേശം 13,843 തൊഴിലാളികളെ ബാധിക്കുമെന്ന് പറഞ്ഞ മോർഗൻ സ്റ്റാൻലി, ഈ തീരുമാനം കമ്പനിയെ ഗണ്യമായ ചെലവ് ലാഭിക്കാൻ സഹായിക്കുമെന്നും പറയുന്നു. കോവിഡ്-19 പാൻഡെമിക് സമയത്ത് ആമസോൺ നിരവധി പുതിയ ജീവനക്കാരെ ഉൾപ്പെടുത്തി, അതിന്റെ വ്യാപ്തി ഗണ്യമായി വർദ്ധിപ്പിച്ചിരുന്നു.