വാഷിങ്ടൻ: യുഎസ് കോൺഗ്രസിലെ സംയുക്ത സഭയെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘അമേരിക്ക തിരിച്ചുവന്നു’ എന്ന വാചകത്തോടെയാണു ട്രംപ് പ്രസംഗം ആരംഭിച്ചത്. കയ്യടികളോടെയാണു ട്രംപിനെ ഭരണപക്ഷ അംഗങ്ങൾ വരവേറ്റത്. മുൻ സർക്കാരുകൾ 4 വർഷം കൊണ്ടോ 8 വർഷം കൊണ്ടോ ചെയ്തതിനേക്കാൾ 43 ദിവസം കൊണ്ടു നമ്മൾ ചെയ്തു. നമ്മൾ തുടങ്ങിയിട്ടേയുള്ളൂവെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ സ്വപ്നം തടയാൻ ആർക്കുമാകില്ലെന്നു പറഞ്ഞ ട്രംപ് അമേരിക്കയുടെ സ്വപ്നങ്ങൾ എപ്പോഴത്തേക്കാളും മികച്ചതും വലുതുമായെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ട്രംപിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ടെക്സസിൽ നിന്നുള്ള ഡമോക്രാറ്റ് അംഗം അൽ ഗ്രീൻ (അലക്സാണ്ടൽ എൻ.ഗ്രീൻ) ശ്രമിച്ചു. ഇദ്ദേഹത്തെ പുറത്താക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരോടു ഹൗസ് സ്പീക്കർ മൈക്ക് ജോൺസൻ നിർദേശിച്ചു.
ട്രംപിൻ്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ
അലാസ്കയിൽ വമ്പൻ വാതക പൈപ്‌ലൈൻ കൊണ്ടുവരാനുള്ള പദ്ധതി തയാറാക്കുകയാണ്. ജപ്പാൻ, ദക്ഷിണ കൊറിയ ഉൾപ്പെെടയുള്ള രാജ്യങ്ങൾ താൽപര്യം അറിയിച്ചിട്ടുണ്ട്.
തന്റെ സർക്കാർ കാര്യക്ഷമതാ വകുപ്പ് (ഡോജ്) രൂപീകരിച്ചത് ചരിത്രപരമായ തീരുമാനമാണ്. വ്യവസായി ഇലോൺ മസ്കിനെ ഇതിന്റെ തലവനാക്കി. മസ്ക് വളരെ കഠിനാധ്വാനിയാണ്, അതിനു ഞങ്ങൾ നന്ദി പറയുന്നു.
5 ദശലക്ഷം ഡോളർ നൽകി ഗോൾഡ് കാർഡ് എടുത്താൽ യുഎസ് പൗരത്വം നേടാമെന്ന പദ്ധതി അവതരിപ്പിച്ചു. ഇതു ഗ്രീൻ കാർകാർഡിനെ പോലെയാണ്. അതിനേക്കാൾ മികച്ചതുമാണെന്നും ട്രംപ് പറഞ്ഞു.
വിവിധ വിഭാഗം ജീവനക്കാർക്കു കിട്ടുന്ന ടിപ്പുകൾ, ഓവർടൈം, മുതിർന്നവർക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയ്ക്കുള്ള നികുതി ഒഴിവാക്കി. രാജ്യം മുൻപു കണ്ടിട്ടില്ലാത്തവിധം വാഹനവിപണി വളരാൻ പോവുകയാണ്.
നിങ്ങളുടെ ഉൽപ്പനം അമേരിക്കയിൽ നിർമിച്ചില്ലെങ്കിൽ ഈ സർക്കാർ തീരുവ ചുമത്തും. ചില രാജ്യങ്ങൾ യുഎസിനു ചുമത്തുന്ന തീരുവ വളരെ വലുതാണ്. ഇനി അവർക്കെതിരെ തിരിച്ചും തീരുവ ചുമത്തും. ഏപ്രിൽ 2 മുതൽ പകരത്തിനുപകരം തീരുവ തുടങ്ങും. ഏപ്രിൽ ഒന്നിനു ഇതു തുടങ്ങണം എന്നായിരുന്നു ആഗ്രഹം, പക്ഷേ അന്നു വിഡ്ഡിദിനമാണല്ലോ.
ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവനെടുത്ത ഫെന്റനൈൽ ലഹരിമരുന്ന് മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽനിന്നാണു വരുന്നത്. ഈ രണ്ടു രാജ്യങ്ങൾക്കും നൽകിയിരുന്ന ഇളവുകൾ നിർത്തുകയാണ്.
കർഷകരെ ഇഷ്ടമാണെന്നു പറഞ്ഞ ട്രംപ്, അമേരിക്കൻ കർഷകർക്കായി പുതിയ വ്യാപാരനയം കൊണ്ടുവരുമെന്നു പറഞ്ഞു. വൃത്തിയില്ലാത്ത പല ഉൽപ്പന്നങ്ങളും അമേരിക്കയിലേക്കു മറ്റു രാജ്യങ്ങളിൽനിന്ന് എത്തുന്നുണ്ട്. ഇത് കർഷകർക്കു ദ്രോഹമാണ്. ഏപ്രിൽ 2ന് പ്രാബല്യത്തിൽ വരുന്ന പുതിയ താരിഫുകൾ കാർഷിക ഉൽപ്പന്നങ്ങളെക്കൂടി ഉന്നമിട്ടുള്ളതാണ്.
വിദേശത്തുനിന്നുള്ള അലുമിനിയം, ചെമ്പ്, സ്റ്റീൽ എന്നിവയ്ക്ക് 25 ശതമാനം തീരുവ ചുമത്തി. ഈ തീരുമാനം അമേരിക്കൻ തൊഴിൽ അവസരങ്ങൾ സംരക്ഷിക്കുക മാത്രമല്ല, രാജ്യത്തിന്റെ ആത്മാവ് സംരക്ഷിക്കുന്നതു കൂടിയാണ്.
മനുഷ്യർക്കു രണ്ടു തരത്തിലുള്ള ജെൻഡറേ ഉള്ളൂ- പുരുഷനും സ്ത്രീയും, ട്രാൻസ്ജെൻഡർ എന്ന വിഭാഗമില്ല.
സർക്കാർ തലത്തിലുള്ള എല്ലാ സെൻസർഷിപ്പുകളും അവസാനിപ്പിച്ചു. ആശയാവിഷ്കാര സ്വതന്ത്ര്യം തിരിച്ചുകൊണ്ടുവന്നു.
Trump delivers first joint address to Congress since return to power Donald Trump
United States Of America (USA) World News