കോഴിക്കോട്: വയനാട് തുരങ്കപാതയ്ക്കു പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി ലഭിച്ചു. അന്തിമ അനുമതി നൽകാമെന്നു സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിക്ക് (സിയ) വിദഗ്ധ സമിതി കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ സർക്കാരിനു തുരങ്കപാത നിർമാണവുമായി മുന്നോട്ടു പോകാം.
ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നോമ്പനുഷ്ഠാന സമയം ഈ രാജ്യത്ത്
എന്നാൽ 25 വ്യവസ്ഥകളോടെയാണ് പരിസ്ഥിതി ആഘാത സമിതി അനുമതി നൽകിയിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശത്തു നിർമാണം അതീവ ശ്രദ്ധയോടെ വേണം നടത്താൻ. മല തുരക്കുമ്പോൾ സമീപ പ്രദേശത്ത് ഉണ്ടാകുന്ന ആഘാതം കൃത്യമായി പഠിക്കണം. കനത്ത മഴ ഉണ്ടായാൽ മുന്നറിയിപ്പു നൽകാനുള്ള സംവിധാനങ്ങൾ രണ്ടു ജില്ലകളിലും വേണം. വയനാട് – നിലമ്പൂർ ആനത്താരയിലെ അപ്പംകാപ്പ് ഭാഗത്ത് ആനത്താര നിലനിർത്താൻ 3.0579 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. പദ്ധതിപ്രദേശത്തു മാത്രമുള്ള ‘ബാണാസുര ചിലപ്പൻ’ എന്ന പക്ഷികളുടെ സംരക്ഷണത്തിനുള്ള പഠനം നടത്തണം. ജില്ലാതലത്തിൽ നാലംഗ വിദഗ്ധ സമിതി രൂപീകരിക്കണം തുടങ്ങിയ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതെല്ലാം പാലിക്കുമെന്നു നിർമാതാക്കൾ ഉറപ്പും നൽകിയിട്ടുണ്ട്.
തുരങ്കപ്പാതയുടെ നിർമാണത്തിന് 2 കമ്പനികളെയാണ് തിരഞ്ഞെടുത്തത്. സ്ഥലം ഏറ്റെടുപ്പും 90 ശതമാനം പൂർത്തിയാക്കി. വയനാട് തുരങ്ക പാതയ്ക്കായി 2,134 കോടി രൂപ ഇത്തവണയും ബജറ്റിൽ നീക്കി വച്ചിരുന്നു. രണ്ട് തുരങ്കമായാണ് പാത നിർമിക്കുക. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽനിന്നു ആരംഭിച്ച് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്. ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുക.
അതേസമയം ഉരുൾപൊട്ടലുണ്ടാകുന്നതിനു മുൻപു തന്നെ തുരങ്കപാതയ്ക്കെതിരെ വലിയ പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിരുന്നു. ഉരുൾപൊട്ടലുണ്ടായതോടെ ഒരു കാരണവശാലും തുരങ്കപാത നിർമിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി ഉൾപ്പെടെയുള്ള സംഘടനകൾ. എന്നാൽ ഈ തടസങ്ങളൊക്കെ നീക്കി പദ്ധതിയുമായി മുന്നോട്ടുപോകാനാണു സർക്കാർ തീരുമാനം.