തിരുവനന്തപുരം: സംസ്ഥനത്ത് പല വിധത്തിൽ വ്യാപകമായി ലഹരിമരുന്നു വിതരണം ശക്തമാകുന്നതിന്റെ സൂചനകൾ പുറത്തുവരുന്നു. തിരുവനന്തപുരം പോസ്റ്റ് ഓഫീസിലെത്തിയ കൊറിയറിൽ നിന്നും കഞ്ചാവ് പിടികൂടി. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള പോസ്റ്റ് ഓഫീസിലാണ് സംഭവം. മേഘാലയയിൽ നിന്നെത്തിയ പാഴ്‌സലിലാണ് കഞ്ചാവ് ഏകദേശം ഒരു കിലോയോളം കഞ്ചാവ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പേരൂർക്കടയിൽ നിന്നും ഒരു നിയമ വിദ്യാർഥിയെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എക്‌സൈസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊറിയർ വഴി തിരുവനന്തപുരത്തേക്ക് കഞ്ചാവ് എത്തുന്നു എന്ന വിവരം എക്‌സൈസ് സംഘത്തിന് ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ മേഘാലയയിൽ നിന്നുള്ള കൊറിയർ കിഴക്കേക്കോട്ടയിലെ പോസ്റ്റ് ഓഫീസിലെത്തി എന്ന വിവരം ലഭിച്ചു. തുടർന്ന് അവിടെയെത്തി ഒരു കിലോയോളം വരുന്ന കഞ്ചാവ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ് ഓഫീസിൽ ഈ പാഴ്‌സൽ സ്വീകരിക്കാൻ വരുന്നയാളുടെ മേൽവിലാസം കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
അതോടൊപ്പം ഏതാനും ദിവസം മുൻപ് എറണാകുളത്ത് നിന്നും സമാനമായ രീതിയിൽ എംഡിഎംഎ പിടികൂടിയിരുന്നു. ഈ രണ്ട് കേസുകളും തമ്മിൽ ബന്ധമുണ്ടെന്നാണ് എക്‌സൈസ് പറയുന്നത്. രണ്ടും കൊറിയർ മാർഗമാണ് എത്തിയത്. ജർമനിയിൽ നിന്നാണ് കൊച്ചിയിലെ പാഴ്‌സൽ എത്തിയത്. സംഭവത്തിൽ കൊരക്കനശേരി വില്ലയിൽ എംകെ മിർസാഫ് അറസ്റ്റിലായിട്ടുണ്ട്. ഡാർക്ക് വെബ്ബിൽ നിന്ന് ക്രിപ്റ്റോകറൻസിയായ മൊണേറോ നൽകി എംഡിഎംഎ ഓർഡർ ചെയ്‌തുവെന്നാണ് വിവരം. ഇതിന് പിന്നിൽ വലിയൊരു സംഘം തന്നെയുണ്ടെന്നാണ് എക്‌സൈസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും എക്‌സൈസ് സംഘം അറിയിച്ചു.