കോഴിക്കോട്: താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ പ്രതികൾ അക്രമിച്ചത് കരാട്ടെ പരിശീലകർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചെന്ന് പ്രാഥമിക നിഗമനമെന്ന് കോഴിക്കോട് റൂറൽ എസ്പി കെഇ ബൈജു. ‘അഞ്ച് വിദ്യാർഥികളാണ് ഷഹബാസിനെ മർദ്ദിച്ചത്. ഇതിൽ ഒരാളുടെ രക്ഷിതാവിന് ക്രിമിനൽ പശ്ചാത്തലമുണ്ട്. കരാട്ടെയിൽ ഉപയോഗിച്ച നഞ്ചക്ക് ഉപയോഗിച്ച് തലയ്ക്കടിച്ചു. വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ പരിശോധിച്ചുവരികയാണ്. ഗ്രൂപ്പിൽ പ്രായപൂർത്തിയായ ആളുകൾ ഉണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കിൽ കേസെടുക്കുമെന്നും എസ്പി പറഞ്ഞു.
അതേസമയം സംഘർഷത്തിന് ശേഷം വിദ്യാർഥി മാളിലേക്ക് ഓടിക്കയറുകയായിരുന്നു. അവിടെ നിന്നും ഒരാളുടെ ബൈക്കിൽ കയറി പോയി. പക്ഷെ സ്വന്തം വീട്ടിലേക്കല്ല പോയത്. ബൈക്കിൽ പോയ സമയത്ത് തന്നെ ഛർദ്ദിച്ചിരുന്നു. സുഹൃത്തിന്റെ വീട്ടിൽപോയി കിടന്ന ശേഷമാണ് സ്വന്തം വീട്ടിലേക്ക് പോയത്. അപ്പോഴേക്കും ചികിത്സ ലഭിക്കുന്നതിൽ ചെറിയ താമസം നേരിട്ടിട്ടു. കൂടെയുണ്ടായിരുന്നവർക്ക് ആക്രമണത്തിന്റെ ഗൗരവം മനസിലായില്ലായിരുന്നു. കേസിൽ പ്രതികളായ കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് രാത്രി 12.30 ഓടെയാണ് മരണത്തിനു കീഴടങ്ങിയത്. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർഥികൾ ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാർഥികളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.