കൊച്ചി: സഹപാഠികളുടെ ക്രൂരവിനോദം പത്താംക്ലാസ് വിദ്യാർഥിയിലെ കൊണ്ടുചെന്നെത്തിച്ചത് ആശുപത്രി കിടക്കയിൽ. തൃക്കാക്കര തെങ്ങോട് ഗവ. ഹൈസ്കൂളിലാണ് സംഭവം. സഹപാഠികളായ വിദ്യാർഥിനികൾ നായ്ക്കുരണ പൊടി ദേഹത്തു വിതറിയതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായ പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്. സംഭവം നടന്നിട്ട് നാളിതുവരെയായിട്ടും പ്രശ്നങ്ങളെല്ലാം മറച്ചുവയ്ക്കാനും കുറ്റക്കാരെ സംരക്ഷിക്കാനുമാണ് സ്കൂൾ അധികൃതരും പോലീസും ശ്രമിക്കുന്നത് എന്നും ആരോപണമുണ്ട്.
കഴിഞ്ഞ വർഷം ഈ സ്കൂളിലേക്ക് മാറി വന്നപ്പോൾ മുതൽ പെൺകുട്ടിക്ക് നേരെ ചെറിയ തോതിലുള്ള റാഗിങ്ങും മറ്റും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാൽ അത് അതിരുവിട്ടത് ഈ മാസം 3നാണ്. അന്നാണ് പെൺകുട്ടിയെ സഹപാഠികളായ മറ്റു പെൺകുട്ടികൾ ഉപദ്രവിക്കുന്നത്. മൂന്നാം തീയതി ഐടി പരീക്ഷ കഴിഞ്ഞ് ക്ലാസ് മുറിയിലെത്തിയ പെൺകുട്ടിയുടെ ദേഹത്ത് സഹപാഠികൾ നായ്ക്കുരണ ചെടിയുടെ പൊടി ഇടുകയായിരുന്നു എന്നാണ് പരാതി. ആദ്യം എന്താണെന്നു മനസിലായില്ല. കുറച്ചു കഴിഞ്ഞതോടെ പെൺകുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് സഹപാഠികൾ തന്നെയാണ് ദേഹത്തു വീണ പൊടി കഴുകി കളയാൻ പെൺകുട്ടിയോട് പറയുന്നത്. തുടർന്ന് സ്കൂൾ ടോയ്‍ലെറ്റിലെത്തി ദേഹവും വസ്ത്രങ്ങളും കഴുകി.
ഇതിനിടെ, നായ്ക്കുരണ കായുടെ പുറത്തുള്ള പൊടി സ്വകാര്യ ഭാഗങ്ങളിലടക്കം ദേഹമാകെ പുരണ്ടിരുന്നു. ഏറെ നേരത്തിന് സംഭവം അധ്യാപകരിൽ ഒരാൾ അറിയുന്നത്. പിന്നാലെ കുട്ടിയുടെ അമ്മയെ വിവരമറിയിച്ചു. തുടർന്ന് അമ്മ മറ്റൊരു വസ്ത്രവുമായി സ്കൂളിലെത്തിയാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകുന്നത്. അടുത്ത ദിവസങ്ങളിൽ കുട്ടി സ്കൂളിൽ പോയെങ്കിലും അസ്വസ്ഥത കൂടി വന്നു. ഇതോടെ കുട്ടിയെ ഗൈനക്കോളജിസ്റ്റിനെ കാണിച്ചു. സ്വകാര്യ ഭാഗങ്ങളിൽ അണുബാധയുണ്ടായിട്ടുണ്ടെന്ന് ഡോക്ടർ കണ്ടെത്തുകയും മരുന്നു നൽകുകയും ചെയ്തു. കടുത്ത വേദനയുണ്ടായിരുന്നപ്പോഴും എസ്എസ്എൽസി പരീക്ഷ ചൂണ്ടിക്കാട്ടി സ്കൂളിൽ പോകാനും കുട്ടി നിർബന്ധിതയായി. ഈ സമയങ്ങളിലൊന്നും കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് അധ്യാപകരോ പിടിഎ അംഗങ്ങളോ അന്വേഷിച്ചില്ലെന്നും പരാതിയുണ്ട്.
12ാം തീയതി ആയതോടെ കുട്ടിക്ക് നടക്കാൻ പോലും വയ്യാത്ത അവസ്ഥയായി. തുടർന്ന് ചില സാമൂഹിക പ്രവർത്തകരുടെ കൂടി സഹായത്തോടെ തൃക്കാക്കര സഹകരണ ആശുപത്രിയിൽ കുട്ടിയെ അഡ്മിറ്റ് ചെയ്തു. തുടക്കത്തിൽ പോലീസിൽ പരാതിപ്പെടാൻ മടിയുണ്ടായിരുന്നെങ്കിലും ഫെബ്രുവരി 17ന് പരാതി കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. പരാതിയിൽ കാര്യമായ നടപടി സ്വീകരിക്കാൻ തുടക്കത്തിൽ പോലീസും മടിച്ചതായി പറയപ്പെടുന്നു. കുട്ടിയുടെ കുടുംബം സിറ്റി പോലീസ് കമ്മിഷണർക്ക് അടക്കം പരാതി നൽകി. ഇതിനിടെ അധ്യാപകർ 5000 രൂപയും പിടിഎ 7500 രൂപയും ആശുപത്രി ചെലവിനത്തിൽ നൽകി. അതേസമയം കുട്ടിയ്ക്ക് ഹാജർ കുറവാണെന്നു പറഞ്ഞ് സ്കൂളിന്റെ ഭാഗത്തുനിന്ന് സമ്മർദ്ദവും കുട്ടിക്ക് നേരിടേണ്ടി വന്നു.
കടുത്ത ശാരീരിക അസ്വസ്ഥകൾക്കൊപ്പം സ്കൂളിലെ പ്രശ്നങ്ങൾ കൂടിയായപ്പോൾ ഇത് കുട്ടിയെ മാനസികമായും ബാധിച്ചിരുന്നു. തുടർന്ന് കൗൺസിലിങ് അടക്കം നടത്തിയാണ് കുട്ടി സാധാരണ നിലയിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുന്നത്. ശാരീരികാസ്വസ്ഥതകൾ മൂലം കുട്ടിക്ക് മോഡൽ പരീക്ഷകൾ ഒന്നുംതന്നെ എഴുതാനായിട്ടില്ല. അതേസമയം തിങ്കളാഴ്ച എസ്എസ്എൽസി പരീക്ഷ ആരംഭിക്കുകയാണ്. ശാരീരികാസ്വസ്ഥതകൾ മൂലം വേണ്ട വിധത്തിൽ പാഠഭാഗങ്ങൾ കവറുചെയ്യാനായിട്ടില്ലെന്നു വിദ്യാർഥിനി പറയുന്നു. എന്നാൽ എസ്എസ്എൽസി പരീക്ഷക്കു ശേഷം സംഭവത്തിൽ നടപടി സ്വീകരിക്കാനാണ് പോലീസ് ആലോചിക്കുന്നത്. വിഷയം കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭ കൗൺസിൽ യോഗത്തിലും ചർച്ച ചെയ്തിരുന്നു.