വയനാട്: സഹപ്രവർത്തകൻറെ മാനസിക പീഡനത്തിൽ കളക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇവിടെ ക്ലാർക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവർത്തകൻറെ മാനസിക പീഡനമാണ് ആത്മഹത്യ ശ്രമത്തിനു കാരണമെന്നാണ് ആരോപണം.
പുറത്തിറങ്ങാതെ വന്നതോടെ ജീവനക്കാരുപോയി നോക്കിയതോടെയാണ് കൈഞരമ്പു മുറിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. ഉടനെ തന്നെയുവതിയെ കൈനാട്ടിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോയിൻറ് കൗൺസിൽ നേതാവ് പ്രജിത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നാണു പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇൻറേണൽ കംപ്ലൈൻറ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണമുണ്ട്. പിന്നീട് ഇയാളെ സ്ഥലം മാറ്റാൻ ഉത്തരവുണ്ടായെങ്കിലും ഉത്തരവിറങ്ങാൻ വൈകിയതോടെ ഇയാൾ സ്റ്റേ ഓഡർ വാങ്ങുകയായിരുന്നു.
പിന്നീടാണ് യുവതി വനിതാ കമ്മിഷനെ സമീപിച്ചത്. യുവതിയുടെ പരാതിയിൽ ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടായിരുന്നു. ഈ സിറ്റിംഗിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്ന് സഹപ്രവർത്തക പറഞ്ഞു. ഇതിൽ മനംനൊന്താണ് ആത്മഹത്യ ശ്രമമെന്നും ആരോപണം ഉയർന്നു. യുവതിയെ കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.