ഹൈദരാബാദ്: ഐടി ജീവനക്കാരില്‍ ഫാറ്റി ലിവറിന് സാധ്യതയേറുന്നതായി പഠനങ്ങള്‍. ഹൈദരാബാദ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങളുള്ളത്. രാജ്യത്തെ ഐടി ജീവനക്കാര്‍ക്ക് മെറ്റബോളിക് ഡിസ്ഫംഗ്ഷന്‍-അസോസിയേറ്റഡ് ഫാറ്റി ലിവര്‍ ഡിസീസ് (എംഎഎഫ്എല്‍ഡി) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിലുള്ളത്.
വ്യായാമക്കുറവുപോലുള്ള പ്രശ്‌നങ്ങള്‍ കാരണം കരളില്‍ അഞ്ച് ശതമാനത്തിലധികം കൊഴുപ്പ് അടിഞ്ഞുകൂടുമ്പോള്‍ ഉണ്ടാകുന്ന ഒരു ആരോഗ്യ പ്രതിസന്ധിയാണ് ഫാറ്റി ലിവര്‍. ഇത് നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍, സിറോസിസ്, കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമായി വരുന്ന കാന്‍സര്‍ തുടങ്ങിയ ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകാമെന്നും പഠനത്തില്‍ പറയുന്നു.
യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരായ ഡോ. മഹാദേവ് കല്യാണ്കര്‍, സി.ടി. അനിത, ഗവേഷകരായ ഭരം ഭാര്‍ഗവ, നന്ദിത പ്രമോദ് എന്നിവര്‍ ചേര്‍ന്ന് സീനിയര്‍ ഹെപ്പറ്റോളജിസ്റ്റുമായി സഹകരിച്ച് നടത്തിയ ഒരു പഠനത്തില്‍, ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജി (എഐജി) ആശുപത്രിയിലെ ഡോ. പിഎന്‍ റാവുവും സംഘവും പഠനത്തിന് വിധേയരായ ഇന്ത്യന്‍ ഐടി ജീവനക്കാരില്‍ 84 ശതമാനവും മെറ്റബോളിക് ഡിസ്ഫംഗ്ഷന്‍-അസോസിയേറ്റഡ് ഫാറ്റി ലിവര്‍ ഡിസീസ് (എംഎഎഫ്എല്‍ഡി) എന്ന ഫാറ്റി ലിവര്‍ രോഗത്താല്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നു.
അനാരോഗ്യകരമായ ജോലി രീതികള്‍ ഐടി വിഭാഗങ്ങളിലെ ജീവനക്കാരില്‍ മാനസിക സമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഉദാസീനമായ ജീവിതശൈലി, ജോലി സംബന്ധമായ സമ്മര്‍ദ്ദം, അപര്യാപ്തമായ ഉറക്കം, ഷിഫ്റ്റ് ജോലി, ഉയര്‍ന്ന കലോറി ഭക്ഷണക്രമം, പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ എന്നിവ പോലുള്ള അനാരോഗ്യകരമായ ഭക്ഷണക്രമം ഇന്ത്യന്‍ ഐടി തൊഴിലാളികളെ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുവെന്ന് പഠനം എടുത്തുകാണിക്കുന്നു.
പഠനവിധേയമാക്കിയ ഐടി ജീവനക്കാരില്‍ ഏകദേശം 71 ശതമാനം പേര്‍ പൊണ്ണത്തടിയുള്ളവരാണെന്നും ഏകദേശം 34 ശതമാനം പേര്‍ക്ക് മെറ്റബോളിക് സിന്‍ഡ്രോം ഉണ്ടെന്നും കണ്ടെത്തി. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന രോഗാവസ്ഥകളുടെ ഒരു കൂട്ടമാണ് ഫാറ്റി ലിവര്‍.
ഇന്ത്യന്‍ ഐടി ജീവനക്കാര്‍ക്കിടയില്‍ മെച്ചപ്പെട്ട ആരോഗ്യത്തിലേക്ക് നയിക്കുന്ന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടതിന്റെ പ്രാധാന്യം പഠനം ഊന്നിപ്പറയുകയും ചെയ്യുന്നു.
Summary:Studies show increased risk of fatty liver in IT employees